Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഹ്ളാദ പ്രകടനങ്ങൾ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ദിനത്തിലും ശേഷവും ഉള്ള  പ്രകടനങ്ങൾ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. 

declaration of election results election commission bans victory demonstrations
Author
Delhi, First Published Apr 27, 2021, 11:07 AM IST

ദില്ലി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ദിനത്തിലും ശേഷവും ഉള്ള  പ്രകടനങ്ങൾ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാർത്ഥികൾ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തുമ്പോൾ പരമാവധി രണ്ടു പേരയേ ഒപ്പം അനുവദിക്കൂ എന്നും ഉത്തരവിലുണ്ട്.

ഇന്ന് രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര യോ​ഗം ചേർന്നിരുന്നു. ഇന്നലെ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണ്. രാഷ്ട്രീയപാർട്ടികളെ നിയന്ത്രിക്കാൻ കമ്മീഷൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വോട്ടെണ്ണൽ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.  ഇല്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‌‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ ദിവസവും തുടർന്നുള്ള ദിവസങ്ങളിലും വിജയാഹ്ളാദ പ്രകടനങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. വിശദമായ വിവരങ്ങൾ മാർ​ഗരേഖ പുറത്തെത്തുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. ഈ മാർ​ഗരേഖ മദ്രാസ് ഹൈക്കോടതിയ്ക്കു മുമ്പാകെ ഹാജരാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios