അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അഹമ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ അജയ് പട്ടേൽ നൽകിയ അപകീർത്തി കേസിലാണ് ജാമ്യം.

നോട്ടുനിരോധനം നടപ്പിലാക്കി അഞ്ച് ദിവസത്തിനുള്ളിൽ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് 745 കോടിയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റിയെടുത്തതായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിം​ഗ് സുര്‍ജേവാലയും ആരോപിച്ചതായി ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. തെറ്റായതും സല്‍പേരിന് കളങ്കമുണ്ടാക്കുന്നതുമായ ആരോപണമാണ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കുമെതിരെ കഴിഞ്ഞ വര്‍ഷം അജയ് പട്ടേല്‍ ഹര്‍ജി നല്‍കിയത്. 2016 നവംബർ എട്ടിനാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്.

മെയ് 27-ന് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണമെന്ന് അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കഴിഞ്ഞ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് ജൂലൈ 12-ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.