Asianet News MalayalamAsianet News Malayalam

Delhi Air Pollution : വായു മലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയതായി കേന്ദ്രം

ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. കേന്ദ്രം നിയോഗിച്ച എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആണ് കർമ്മ സമിതി രൂപീകരിച്ചത്. ഇന്നലെ സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും ദില്ലി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. 
 

delhi air pollution central government directs task force and flying squads
Author
Delhi, First Published Dec 3, 2021, 11:05 AM IST

ദില്ലി: ദില്ലിയിലെ വായുമലിനീകരണം (Delhi Air Pollution)  നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ (supreme court)  നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. കേന്ദ്രം നിയോഗിച്ച എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആണ് കർമ്മ സമിതി രൂപീകരിച്ചത്. ഇന്നലെ സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും ദില്ലി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. 

ദില്ലിയിലെ വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. നടപടികൾ കോടതി നിരീക്ഷിക്കും എന്നും അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ സ്കൂളുകൾ തുറന്ന ദില്ലി സർക്കാരിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെ ദില്ലിയിലെ സ്കൂളുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല എന്ന് ദില്ലി പരിസ്ഥിതി മന്ത്രി അറിയിച്ചു. മലിനീകരണം  നടയാൻ ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കോടതി.

ദില്ലിയിലെ വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ഇന്നലെ പറഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും പുതിയ പാർലമെൻറ് കെട്ടിടത്തിന് നിർമ്മാണം തുടരുന്നതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു. സെൻട്രൽ വിസ്തയുടെ നിർമ്മാണം മലിനീകരണത്തിനിടയാക്കുന്നുണ്ടോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

കേന്ദ്രം സമർപ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച സുപ്രീംകോടതി മലിനീകരണം നിയന്ത്രിക്കാനുള്ള മുൻ നിർദേശങ്ങൾ നടപ്പിലാക്കാത്തതിൽ സംസ്ഥാനങ്ങളെ വിമർശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം എന്ത് നിർദേശം നൽകി എന്നും സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്നതിലുപരിയായ കേന്ദ്രം എന്ത് ചെയ്യുന്നുവെന്നും കോടതി ചോദിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നിർദേശിക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നതെന്നും, നടപ്പിലാക്കാത്തവർക്കെതിരെ ഇതുവരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടില്ല എന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

മലിനീകരണം തടയുന്നതിനേക്കാൾ പ്രധാനമല്ല സെൻട്രൽ വിസ്ത നിർമ്മാണം. അവിടെ നിന്നും പടരുന്ന പൊടിയുടെ ദൃശ്യങ്ങൾ കാണിക്കാമെന്നും ഹർജിക്കാരൻ വാദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേ സമയം കോടതിയുടെ നിർദേശങ്ങളെല്ലാം നടപ്പിലാക്കിയതായി ദില്ലി സർക്കാർ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന വിവരം ബുധനാഴ്ച്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകിയിരുന്നു. 


 

Follow Us:
Download App:
  • android
  • ios