ദില്ലി: ദില്ലിയില്‍ ഒറ്റ, ഇരട്ട അക്കവാഹന നിയന്ത്രണം നീട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ദില്ലിയിലെ വായുമലിനീകരണം മെച്ചപ്പെട്ട നിലയിലായതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഇനി വേണ്ടെന്ന് തീരുമാനിച്ചത്. അടുത്ത ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച വായുഗുണനിലവാരമാണ് ഇന്ന് ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയത്.

ദില്ലിയിലെ വായുമലിനീകരണം അതിരൂക്ഷമായതോടെയാണ് നവംബര്‍ നാലുമുതല്‍ 15 വരെ ഒറ്റ, ഇരട്ട അക്കവാഹന നിയന്ത്രണം ദില്ലിയില്‍ നടപ്പിലാക്കിയത്. വായുമലിനീകരണം അതീവ ഗുരുതരമായി തുടര്‍ന്നതിനാല്‍ വാഹന നിയന്ത്രണം നീട്ടണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കാം എന്നാണ് ദില്ലി മുഖ്യമന്ത്രി അറിയിച്ചത്. വായുഗുണനിലാവാരം മെച്ചപ്പെട്ടതോടെ വാഹന നിയന്ത്രണം വേണ്ടെന്ന് വെച്ചു. വാഹന നിയന്ത്രണം കൊണ്ട് അഞ്ച് മുതല്‍ 15 ശതമാനം വരെ വായുമലിനീകരണം കുറയ്ക്കാന്‍ കഴിയുന്നുണ്ട് എന്നാണ് ദില്ലി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

എന്നാല്‍, വാഹന നിയന്ത്രണം കൊണ്ട് മൂന്ന് ശതമാനം മാത്രമാണ് വായുഗുണനിലവാരം മെച്ചപ്പെടുന്നതെന്നായിരുന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സുപ്രീംകോടതിയില്‍ പറഞ്ഞത്. വാഹന നിയന്ത്രണം വായുമലിനീകരണം നിയന്ത്രിക്കാന്‍ ശാശ്വത പരിഹാരമല്ലെന്ന് സുപ്രീംകോടതിയും വിലയിരുത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് കുറഞ്ഞതും വെയിലും കാറ്റും വായുമലിനീകരണം കുറയാന്‍ കാരണമായി. ഉച്ചയ്ക്ക് ഒരു മണിക്കുള്ള കണക്ക് അനുസരിച്ച് 177 ആണ് വായുഗുണനിലവാര സൂചിക അനുസരിച്ചുള്ള കണക്ക്. നേരത്തെ ദില്ലിയിലെ പലയിടങ്ങളിലും ഇത് ആയിരത്തിനടുത്ത് എത്തിയിരുന്നു.