വിമാന കമ്പനികള്‍ വഴിയോ ദില്ലി വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം
ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞതിനിടെ ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയില്‍ തുടരുമെന്ന് അറിയിപ്പ്. ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി തുടരും. എന്നാല്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍ കാരണം വ്യോമയാന മന്ത്രാലയത്തിന്‍റെ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുള്ളതിനാല്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടായേക്കും. ചെക്ക്-ഇന്നിനായി പതിവില്‍ക്കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നും ദില്ലി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (DIAL) അറിയിച്ചു.
യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
വിമാന കമ്പനികള്‍ വഴിയോ ദില്ലി വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ചെക്കിംഗിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. യാത്രക്കാര്‍ വിമാന കമ്പനികളില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരുക. ഹാന്‍ഡ് ബാഗേജ്, ചെക്ക്-ഇന്‍ ലഗേജ് നിയമങ്ങള്‍ പാലിക്കുക, സുരക്ഷാ പരിശോധന വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ വിമാനത്താവളത്തില്‍ നേരത്തെയെത്തുക. സുഗമമായ പരിശോധനകള്‍ക്കും യാത്രയ്ക്കുമായി എയര്‍ലൈന്‍, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ആധികാരികമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വൃത്തങ്ങളെ ബന്ധപ്പെടുക, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക- എന്നിവയാണ് ദില്ലി വിമാനത്താവളം യാത്രക്കാര്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്.
രാജ്യത്തെ 32 വിമാനത്താവളങ്ങളിലെ സര്‍വീസ് മെയ് 14 വരെ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നേരത്തെ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അംബാല, അമൃത്‌സര്‍, അവന്തിപൂര്‍, ഭൂജ്, ബിക്കാനര്‍, ചണ്ഡിഗഢ്, ജയ്‌സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്‌പൂര്‍, കൃഷ്‌ണഘട്ട്, കുള്ളു മണാലി, ലേ, ലൂഥിയാന, മുന്ദ്ര, പത്താന്‍കോട്ട്, പാട്യാല, രാജ്‌കോട്ട്, ഷിംല, ശ്രീനഗര്‍ അടക്കമുള്ള 32 വിമാനത്താവളങ്ങളിലാണ് നിയന്ത്രണം നിലവിലുള്ളത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാന്‍റെ സമീപനം അറിഞ്ഞ ശേഷമാകും രാജ്യത്തെ വ്യോമഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കുക.
വെടിനിര്‍ത്തല്‍ ധാരണ ഇന്നലെ വൈകിട്ട് നിലവില്‍ വന്നെങ്കിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ രാത്രി പ്രകോപനം നടത്തിയിരുന്നു. ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ വെടിവെച്ചിട്ടു. അര്‍ധരാത്രിക്ക് ശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്. അതീവ ജാഗ്രതയോടെയാണ് പാക് അതിര്‍ത്തി മേഖലയില്‍ സൈന്യം തുടരുന്നത്.


