ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ്  പ്രചാരണം സജീവമായതോടെ ദില്ലിയിൽ രാഷ്ട്രീയ വാക്പോരും മുറുകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും തമ്മിലുള്ള വാക്‌പോരാണിപ്പോൾ പ്രധാന രാഷ്ട്രീയ ചർച്ച. 

ദില്ലിയില്‍ സൗജന്യ വൈഫൈ കണ്ടെത്താന്‍ ശ്രമിച്ച തന്‍റെ ഫോണിന്‍റെ ബാറ്ററി തീര്‍ന്നെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. എന്നാല്‍ വൈഫൈ മാത്രമല്ല, ചാര്‍ജ് തീര്‍ന്നാല്‍ സൗജന്യമായി ഫോൺ ചാർജ് ചെയ്യാന്‍ 200 യൂണിറ്റ് വൈദ്യുതിയുണ്ടെന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി.  ദില്ലിയിൽ ആംആദ്മി സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ ഒന്നടങ്കം പരിഹസിച്ചാണ് ബിജെപി നേതാക്കൾ പ്രചാരണം നടത്തിയത്. ഇതിനെ അതേ നാണയത്തിൽ അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചതോടെ തെരെഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിച്ചിരിക്കുകയാണ്. 

എഎപി സര്‍ക്കാര്‍ 200 യൂണിറ്റ് വൈദ്യുതിയാണ് ഓരോ കുടുംബത്തിനും സൗജന്യമായി അനുവദിച്ചിരിക്കുന്നതെന്നാണ് കെജ്രിവാള്‍ അമിത് ഷായ്ക്കുള്ള മറുപടിയിൽ ചൂണ്ടിക്കാട്ടിയത്. ദില്ലിയിൽ 1.2 ലക്ഷം സിസിടിവി കാമറകളും 1041 സർക്കാർ സ്കൂളുകളും സ്ഥാപിക്കുമെന്ന ആംആദ്മി വാഗ്ദാനം പൊള്ളയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസം മുൻപ് ഒരു കാമറ പോലും സ്ഥാപിച്ചില്ലെന്നായിരുന്നല്ലോ താങ്കൾ പറഞ്ഞത്, ഇപ്പോൾ കുറച്ച് സിസിടിവി കാമറകൾ എങ്കിലും കണ്ടല്ലോ അതിൽ സന്തോഷമുണ്ടെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. ദില്ലിയിലെ ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട് മാറിയത് കൊണ്ടാണ് ബിജെപിക്ക് ഇപ്പോൾ സിസിടിവിയുടേയും സ്കൂളുകളുടെയും കാര്യം തെരഞ്ഞെടുപ്പിൽ ഉന്നയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 70 ൽ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സർക്കാർ തുടർച്ചയായ രണ്ടാമത്തെ തവണ ഭരണം നേടാനുള്ള ശ്രമത്തിലാണ്.