കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ തീവണ്ടി പാളം തെറ്റി 13 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂദില്ലി പൂർവ എക്സ്പ്രസിന്‍റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ഇതോടെ ഈ പാതയിലുള്ള തീവണ്ടി ഗതാഗതം താറുമാറായി. 

പുലർച്ചെ ഒരു മണിയോടെ പ്രയാഗ്‍രാജ് സ്റ്റേഷൻ വിട്ട ശേഷമാണ് കാൻപൂരിനടുത്തുള്ള റൂമ ഗ്രാമത്തിനടുത്തു വച്ച് അപകടമുണ്ടായത്. വിവരം കിട്ടിയതോടെ സ്ഥലത്തേക്ക് കാൻപൂരിൽ നിന്ന് 15 ആംബുലൻസുകളെത്തിച്ചു. 

പന്ത്രണ്ട് കോച്ചുകളിൽ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിൻ ഗതാഗതം സാധ്യമാകൂ. തീവണ്ടിപ്പാതയ്ക്കും കേടുപാടുണ്ട്. ഈ സാഹചര്യത്തിൽ ദില്ലിയിൽ നിന്നുള്ള എല്ലാ തീവണ്ടികളും വൈകാനാണ് സാധ്യത. വൈകിട്ട് നാല് മണിയോടെ മാത്രമേ റെയിൽപ്പാതയിലൂടെ പൂർണ ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയിൽവേ പിആർഒ അറിയിച്ചു. 

അടിയന്തരമായി വൈദ്യസഹായത്തിനുള്ള ഉപകരണങ്ങളടക്കമുള്ള മറ്റൊരു ട്രെയിൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തപ്രതികരണസേനയുടെ 45 അംഗസംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 

തീവണ്ടിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ കാൻപൂരിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് പ്രത്യേക ബസ്സുകളിൽ യാത്രക്കാരെ ദില്ലിയിലേക്ക് കൊണ്ടുപോകും.