199 യാത്രക്കാരുള്ള വിമാനം റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയെന്നും ആവശ്യമായ പരിശോധനകൾക്ക് ശേഷം വീണ്ടും പുറപ്പെടാൻ അനുമതി നൽകിയെന്നും എയര്‍ലൈൻസ് അറിയിച്ചു
ദില്ലി: ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ കാരണങ്ങളാൽ ഞായറാഴ്ച റോമിലേക്ക് വഴിതിരിച്ചുവിട്ടു. എന്നാല്‍, ഈ ബോംബ് ഭീഷണി വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. വിമാനം സുരക്ഷിതമായി റോമിൽ ഇറക്കിയെന്നും പരിശോധനയ്ക്ക് വിധേയമാക്കിയെന്നും തിങ്കളാഴ്ച ദില്ലിയിലേക്കുള്ള യാത്ര തുടരുമെന്നുമാണ് എയർലൈൻസ് പിന്നീട് അറിയിച്ചത്.
199 യാത്രക്കാരുള്ള വിമാനം റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയെന്നും ആവശ്യമായ പരിശോധനകൾക്ക് ശേഷം വീണ്ടും പുറപ്പെടാൻ അനുമതി നൽകിയെന്നും എയര്‍ലൈൻസ് അറിയിച്ചു. എന്നാല്‍, സുരക്ഷാ ആശങ്കയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. പക്ഷേ വിമാനം ദില്ലിയിൽ ഇറങ്ങുന്നതിന് മുമ്പ് പ്രോട്ടോക്കോൾ പ്രകാരം ഒരു പരിശോധന കൂടി ആവശ്യമാണെന്ന് എയര്‍ലൈൻ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലിയിലേക്ക് പോകുന്നതിന് മുമ്പ് ക്രൂവിന് ആവശ്യമായ വിശ്രമം അനുവദിക്കുന്നതിനായാണ് ഫ്ലൈറ്റ് രാത്രി മുഴുവൻ റോമിൽ തന്നെ തുടര്‍ന്നത്. ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ എത്തിയ അകമ്പടി നല്‍കിയാണ് വിമാനത്തെ റോമിലേക്ക് കൊണ്ടുപോയത്. അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഇറ്റാലിയൻ തലസ്ഥാനത്തെ അധികൃതർ എബിസി ന്യൂസിനോട് പറഞ്ഞു.
ബോയിംഗ് 787-9 വിമാനം ഡ്രീംലൈനർ കാസ്പിയൻ കടലിന് മുകളിൽ എത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഇ-മെയിൽ വഴി ലഭിച്ച ഭീഷണി അടിസ്ഥാനരഹിതമാണെന്ന് പിന്നീട് കണ്ടെത്തി. റോമിൽ എത്തിയ ശേഷം യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ നിന്ന് ഇറങ്ങി. ലാൻഡിംഗിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ റോമിലേക്ക് വരുന്ന അമേരിക്കൻ എയര്‍ലൈൻസിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
