Asianet News MalayalamAsianet News Malayalam

ദില്ലി ചലോ മാർച്ചിൽ നിന്ന് പിൻവാങ്ങാതെ കർഷകർ; പ്രതിഷേധം ഇന്ന് മൂന്നാം ദിവസത്തിലേക്ക്

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എത്തിയിരിക്കുന്നത്. നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് എല്ലാ കര്‍ഷക സംഘടനകളും.

delhi chalo march by farmers continue
Author
Delhi, First Published Nov 28, 2020, 6:32 AM IST

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ ദില്ലിക്കുള്ളിലും ദില്ലി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം തുടരുന്നു. ദില്ലി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ദില്ലിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ദില്ലി-ഹരിയാന അതിര്‍ത്തിയിൽ തുടരുകയാണ്. 

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്. ദില്ലി ഹരിയാന അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു പ്രതിഷേധ രം​ഗത്തുണ്ടായത്.

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും.

Follow Us:
Download App:
  • android
  • ios