ദില്ലി: കാർഷിക നിയമത്തിനെതിരെ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ഇന്ന് തലസ്ഥാന നഗരിയിലേക്ക് കടക്കാൻ ശ്രമിക്കും. ദില്ലിയിലേക്കുള്ള വഴികൾ പൊലീസ് കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കർഷകർ പാനിപ്പത്തിലാണ് തമ്പടിച്ചത്.

പഞ്ചാബിൽ നിന്ന് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് അംബാലയിൽ തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായിരുന്നു. ദില്ലി അതിര്‍ത്തികളിൽ കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കര്‍ഷക മാര്‍ച്ച് എത്തിയാൽ കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടക്കും. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചു. ഇതിനൊക്കെ പുറമെയാണ് സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും ഇറിക്കിയത്. ഏത് വിധേനയും കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം.  

എന്ത് തടസ്സവും മറികടന്ന് മുന്നോട്ടുപോകും എന്ന് കര്‍ഷകരും പ്രഖ്യാപിക്കുമ്പോൾ വലിയ സംഘര്‍ഷാന്തരീക്ഷമാണ് ദില്ലി അതിര്‍ത്തികളിലുള്ളത്. അര്‍ദ്ധരാത്രിയോടെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലേക്ക് കൂട്ടമായി എത്താനാണ് സാധ്യത.