Asianet News MalayalamAsianet News Malayalam

'ദില്ലി ചലോ' മാർച്ചിന് നേരെ ജലപീരങ്കി, പൊലീസ് നടപടി, സംഘർഷം, അതിർത്തി അടച്ചു

ദില്ലി ഹരിയാന അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏത് വിധേനയും കർ‍ഷകരെ ദില്ലിയിലേക്ക് കടത്താതിരിക്കാനാണ് ശ്രമിക്കുന്നത്. വലിയ ലോറികളിലായി മണ്ണ് ലോഡ് കണക്കിന് എത്തിച്ച് അതിർത്തി അടയ്ക്കാനാണ് നീക്കം. 

delhi chalo march live updates will block national highway by dumping soil at delhi border
Author
New Delhi, First Published Nov 26, 2020, 10:32 AM IST

ദില്ലി: കേന്ദ്രസർക്കാരിന്‍റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ - ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. പഞ്ചാബിൽ നിന്ന് എത്തിയ കർഷകർക്ക് നേരെ അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചു. ഹരിയാന, യുപി അതിർത്തിയിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറുകയാണ്. അംബാലയിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നു. ബാരിക്കേഡുകൾ കർഷകർ പുഴയിലേക്ക് വലിച്ചെറിഞ്ഞു. 

ദൃശ്യങ്ങൾ:

ക‌ർഷകമാർച്ച് ഏത് വിധേനയും തടയാനൊരുങ്ങത്തന്നെയാണ് ദില്ലി പൊലീസ് നിന്നത്. അതിർത്തി മണ്ണിട്ട് അടച്ച് കർഷകരെ ഫരീദാബാദ് അടക്കം അഞ്ച് ദേശീയപാതകളിലുമായി തടയാനാണ് തീരുമാനം. ഇതിനായി കനത്ത സുരക്ഷയാണ് ദില്ലി, യുപി, ഹരിയാന അതിർത്തികളിലായി നിയോഗിച്ചിരിക്കുന്നത്. ബിഎസ്എഫ് ഉദ്യോഗസ്ഥരെ അടക്കം അതിർത്തിപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

പ്രദേശത്തേക്ക് വലിയ ലോറികളിലായി ലോഡ് കണക്കിന് മണ്ണും കോൺക്രീറ്റ് പാളികളും എത്തിച്ചിട്ടുണ്ട്. കർഷകർ ട്രാക്റ്ററുകളിലോ കാൽനടയായോ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അതിർത്തി മണ്ണിട്ടടച്ച് റോഡുകൾ പൂർണമായും അടയ്ക്കാനാണ് തീരുമാനം. ആദ്യം മണ്ണ് തള്ളി പിന്നാലെ കോൺക്രീറ്റ് പാളികളും വച്ച് റോഡുകൾ പൂർണമായും അടയ്ക്കും. ഇത് വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവയ്ക്കുമെന്നും ഉറപ്പായി. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. 

പഞ്ചാബ്, കർണാടക, ഹരിയാന, രാജസ്ഥാൻ, കേരളം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കർഷകരാണ് പ്രതിഷേധവുമായി ദില്ലി അതിർത്തിയിലെത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിർത്തിയിലൂടെ ദില്ലിയിലേക്ക് പ്രവേശിച്ച് വൻറാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. 200 കർഷകയൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാലിൽ വച്ച് ഇന്നലെ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും കർഷകർ പിൻമാറാൻ തയ്യാറായിരുന്നില്ല. 

പഞ്ചാബ് - ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്. ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഹരിയാന, യുപി, ദില്ലി അതിർത്തി പ്രദേശങ്ങളിൽ സിആർപിഎഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്. 

അതേസമയം, ഹരിയാനയിലെ അംബാലയിൽ വൻതോതിൽ കർഷകർ പ്രതിഷേധത്തിന്‍റെ ഭാഗമായി കൂട്ടംകൂടുകയാണ്. കാറുകളിലും ബൈക്കുകളിലും ട്രാക്റ്ററുകളിലുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്. ദേശീയപാത 44-ൽ റോഡ് ഉപരോധത്തിന്‍റെ ഭാഗമായി ദില്ലി ഹരിയാന അതിർത്തി പ്രദേശം വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios