ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി- കോൺ​ഗ്രസ് സഖ്യം ചർച്ചയാകുന്ന സാഹചര്യത്തിൽ ദില്ലി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ. ഷീലാ ദീക്ഷിത്ത് സർക്കാർ നല്ല ഭരണം കാഴ്ച വെച്ചിരുന്നുവെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ പറ്റി താൻ ചിന്തിക്കുക പോലും ചെയ്യില്ലായിരുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ദില്ലിയിൽ സംഘടിപ്പിച്ച പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷീലാ ദീക്ഷിത്ത് നല്ല ഭരണം കാഴ്ചവെച്ചിട്ടില്ല. അവർ നന്നായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഒരു പുതിയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. അവരുടെ ഭരണത്തില്‍ സ്‌കൂളുകള്‍ മുതല്‍ ആശുപത്രികള്‍ വരെ ദയനീയ അവസ്ഥയിലായിരുന്നു- കെജ്രിവാള്‍ പറഞ്ഞു. 

കേന്ദ്ര സർക്കാരിനെതിരെയും കെജ്രിവാൾ വിമർശനമുന്നയിച്ചു. പുതിയ വിദ്യാലയങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ മുതലായവ സ്ഥാപിക്കുന്നതിന് മോദി സർക്കാർ അനുവദിക്കുന്നില്ലെന്ന് കെജ്രിവാൾ ആരോപിച്ചു. ദില്ലിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് മൂന്ന് വർഷമായി കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

മറ്റെല്ലാ സംസ്ഥാനങ്ങൾക്കും അവരുടെതായ തീരുമാനം സ്വീകരിക്കാമെങ്കിലും ദില്ലിയിൽ അതിന് സാധിക്കില്ല. എന്തുകാര്യം ചെയ്യാനും കേന്ദ്രസർക്കാരിന്റെ അനുമതി വേണം. ദില്ലി സർക്കാരിന്റെ നേട്ടങ്ങൾക്ക് തടസം നിന്നവർക്ക് വീണ്ടും വോട്ട് നൽകരുത്. അവർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ അടുത്ത അഞ്ച് വർഷവും ഇതുതന്നെയാകും അവസ്ഥയെന്നും കെജ്രിവാൾ പറഞ്ഞു.