Asianet News MalayalamAsianet News Malayalam

കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദില്ലി; ഇന്ന് രാത്രി മുതൽ 6 ദിവസം

നിലവിൽ അതിഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നതെന്നും ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

Delhi cm announces week long complete lockdown from tonight
Author
Delhi, First Published Apr 19, 2021, 12:42 PM IST

ദില്ലി: രാജ്യതലസ്ഥാനം വീണ്ടും അടച്ചുപൂട്ടലിലേക്ക്. അടുത്ത തിങ്കളാഴ്ച്ച വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. അവശ്യസർവീസുകൾക്ക് മാത്രമാണ് അനുവാദം. ദില്ലി ആരോഗ്യരംഗം തകരാതെയിരിക്കാൻ നടപടിയെന്നും ജനങ്ങൾ പൂ‍ർണ്ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആഭ്യർത്ഥിച്ചു.
 
മരുന്നുകൾ ഉൾപ്പെടെ ക്ഷാമം, ചികിത്സ കിട്ടാൻ തടസങ്ങൾ, ഈ സാഹചര്യത്തിൽ അനിവാര്യമായ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് ദില്ലി സര്‍ക്കാര്‍. കാൽ ലക്ഷം കടന്ന് പ്രതിദിന രോഗികൾ, ദിവസം നൂറിലേറെ മരണം, ആശുപത്രികളിൽ കിടക്കൾ ലഭ്യമാകാത്ത സാഹചര്യം. അതിസങ്കീർണ്ണമായ സാഹചര്യത്തിലൂടെ ദില്ലി കടന്നു പോകുന്നതിനിടെ സർക്കാരിന്റെ തീരുമാനം. ഇന്ന് രാത്രി പത്ത് മണി മുതൽ അടുത്ത തിങ്കളാഴ്ച്ച പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി.

ക‌ർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. മറ്റുള്ളവർ വീടുകളിൽ തുടരണം. ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവക്ക് നിയന്ത്രണമുണ്ട്. മാളുകൾ, തിയേറ്റുകൾ, ജിം സ്പാകൾ ഉൾരപ്പെടുയുള്ള അടച്ചിടും, നിയന്ത്രിതമായി പൊതുഗതാഗതം അനുവദിക്കും, അന്തർസംസ്ഥാനയാത്രൾക്ക് തടസമില്ല. മറ്റു വാഹനങ്ങൾ പാസ് ഇല്ലാതെ പുറത്തിറങ്ങാൻ പാടില്ല. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ടിക്കറ്റുകൾ കൈയിൽ കരുതണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾക്ക് ഈ പാസ് അനുവദിക്കും. 

കുടിയേറ്റ തൊഴിലാളികൾ ദില്ലി വിട്ട് പോകരുതെന്നും ഇവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും കെജരിവാൾ പറഞ്ഞു. നിലവിൽ ദില്ലിയിൽ രാത്രി ക‌ർഫ്യുവും വരാന്ത്യ കർഫ്യും നടപ്പാക്കിയിതിനിടെയാണ് പുതിയ തീരുമാനം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്,. ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. 

പ്രവര്‍ത്തിക്കുന്ന അവശ്യ സർവീസുകൾ:

* ഭക്ഷണം, പലചരക്ക്, പഴങ്ങൾ, പച്ചക്കറി കടകൾ, പാൽ, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പത്രം വിതരണം എന്നിവ അനുവദിക്കും.

* ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം എന്നിവ തുറക്കും.

* ഹോം ഡെലിവറിയും റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാനും അനുവദിക്കും.

* ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാൻ അനുവദിക്കും.

* ടെലികമ്മ്യൂണിക്കേഷൻ, ഇൻ്റർനെറ്റ് സേവനങ്ങൾ, കേബിൾ സേവനങ്ങൾ, ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ എന്നിവ തുറന്നിരിക്കും.

* പെട്രോൾ പമ്പുകൾ, എൽ‌പി‌ജി, സി‌എൻ‌ജി, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ തുറന്നിരിക്കും.

* ജലവിതരണം, വൈദ്യുതി ഉൽപാദനം, വെയർഹൗസിംഗ് സേവനങ്ങൾ എന്നിവ പ്രവര്‍ത്തിക്കും.

* അവശ്യവസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ തുറക്കാൻ കഴിയും.

* ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കും, പക്ഷേ സന്ദർശകരെ അനുവദിക്കില്ല.

Follow Us:
Download App:
  • android
  • ios