Asianet News MalayalamAsianet News Malayalam

'എഎപി എംഎല്‍എമാർക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തു': ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ നീക്കമെന്ന് കെജ്‍രിവാൾ

മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എഎപി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും കെജ്‍രിവാള്‍

Delhi CM Arvind Kejriwal alleges BJP tried to poach 7 AAP MLAs offered them Rs 25 crore SSM
Author
First Published Jan 27, 2024, 11:50 AM IST

ദില്ലി: ദില്ലിയിലെ എഎപി സർക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. എഎപി എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ 25 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എഎപി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും കെജ്‍രിവാള്‍ ആരോപിച്ചു. 

സമൂഹ മാധ്യമമായ എക്സിലാണ് കെജ്‍രിവാള്‍ ആരോപണം ഉന്നയിച്ചത്. ഏഴ് എഎപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ബിജെപിയില്‍ ചേരാന്‍ 25 കോടി വീതം ഓരോ എഎപി എംഎല്‍എയ്ക്കും ബിജെപി വാഗ്ദാനം ചെയ്തു. തന്നെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അവരെ ഭീഷണിപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ സീറ്റും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കെജ്‍രിവാള്‍ പറഞ്ഞു. 

"21 എംഎല്‍എമാരെ ബന്ധപ്പെട്ടു എന്നാണ് വിളിച്ച ഏഴ് എംഎല്‍എമാരോട് ബിജെപി നേതാവ് പറഞ്ഞത്. മറ്റുള്ളവരോടും സംസാരിക്കുകയാണെന്ന് പറഞ്ഞു. നിങ്ങള്‍ക്കും വരാം"-  21 എം.എൽ.എമാരുമായി ബന്ധപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടെങ്കിലും  7 എംഎൽഎമാരെയാണ് ഇതുവരെ ബന്ധപ്പെട്ടതെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്നും അവരെല്ലാം ബിജെപിയുടെ ഓഫർ നിരസിച്ചെന്നും കെജ്‍രിവാള്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പിലൂടെ ആം ആദ്മി പാർട്ടിയെ തോൽപ്പിക്കാൻ ശക്തിയില്ലാത്തതിനാൽ എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് എഎപി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെജ്‍രിവാള്‍ ആരോപിച്ചു- "ഇതിനർത്ഥം അവര്‍ എന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത് മദ്യനയ കേസ് അന്വേഷിക്കാനല്ല. അവർ ദില്ലിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി അവർ സർക്കാരിനെ താഴെയിറക്കാൻ നിരവധി ഗൂഢാലോചനകൾ നടത്തി. പക്ഷേ അവർക്ക് ഒന്നും ചെയ്യാനായില്ല. ഈശ്വരനും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചു. ഞങ്ങളുടെ എല്ലാ എംഎൽഎമാരും ശക്തരാണ്. ഇത്തവണയും ബിജെപിയുടെ നീചമായ ഉദ്ദേശ്യം പരാജയപ്പെടും". ബിജെപി നേതാവിന്‍റെ സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് എഎപി നേതാക്കള്‍ അവകാശപ്പെട്ടു. ദില്ലിയില്‍ രാഷ്ട്രീയ അശാന്തി ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി അതിഷ് ആരോപിച്ചു.

അതേസമയം ദില്ലി മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ തള്ളി ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി, കെജ്‌രിവാൾ വീണ്ടും കള്ളം പറയുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു- "അവരെ ബന്ധപ്പെടാൻ ഏത് ഫോൺ നമ്പർ ഉപയോഗിച്ചു, ആരുമായി ബന്ധപ്പെട്ടു, എവിടെയാണ് കൂടിക്കാഴ്ച നടന്നത്? ഒരിക്കല്‍ പോലും അദ്ദേഹത്തിന് ഇത് പറയാൻ കഴിഞ്ഞില്ല. പ്രസ്താവന നടത്തി ഒളിച്ചിരിക്കുന്നു. കെജ്‍രിവാളിന്‍റെ കൂട്ടാളികൾ ജയിലിലാണ്. ഇഡിയുടെ ചോദ്യങ്ങൾക്ക് തന്‍റെ പക്കൽ ഉത്തരമില്ലെന്ന് അറിയാവുന്നതിനാലാണ് ഇഡിക്ക് മുന്‍പില്‍ കെജ്‍രിവാള്‍ ഹാജരാവാത്തത്".

Latest Videos
Follow Us:
Download App:
  • android
  • ios