ദില്ലി: ബെഡ് ബോക്‌സിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ 84 കാരിയെ ദില്ലി പൊലീസ് രക്ഷപ്പെടുത്തി. ദില്ലിയിലെ കരോള്‍ ബാഘിലെ വീട്ടില്‍ വച്ചാണ് വൃദ്ധ ബെഡ് ബോക്‌സില്‍ കുടുങ്ങിയത്. വൃദ്ധയുടെ പേരമകളുടെ ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പൊലീസ് വീട്ടിലെത്തുകും വൃദ്ധയെ രക്ഷിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പൊലീസ് ചുറ്റിക ഉപയോഗിച്ച് വീട്ടിലെ ഇരുമ്പ് വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. 

സൗത്ത് ദില്ലിയിലെ അളക്‌നന്ദയിലാണ് പേരമകളായ നാന്‍സി താമസം. മുത്തശ്ശിയെ വീട്ടില്‍ ഘടിപ്പിച്ച സിസിടിവിയിലൂടെ നിരീക്ഷിക്കുന്നതിനിടെയാണ് ഇവര്‍ ബെഡ് ബോക്‌സില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടത്. ബോക്‌സ് തുറന്ന വൃദ്ധ ഇതിനുള്ളിലേക്ക് വീഴുകയും ഇതിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഉടന്‍ തന്നെ നാന്‍സി ദില്ലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വൃദ്ധ ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡിസിപി സജ്ഞയ് ഭാട്ടിയ അറിയിച്ചു.