ദില്ലി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ദില്ലിയിലെ തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശികളെ കുറ്റവിമുക്തരാക്കി കോടതി. ദില്ലി നിസാമുദീനില്‍ വച്ച് നടന്ന തബ്ലീഗ് ജമാഅത്ത് കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറിയിരുന്നു. ദില്ലി പൊലീസ് 955 വിദേശികള്‍ക്കെതിരായാണ് കേസ് എടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. 44 പേരാണ് വിചാരയ്ക്ക് വിധേയരാകാന്‍ തീരുമാനിച്ചത്. നേരത്തെ പ്രാഥമിക തെളിവുകളുടെ അഭാവത്തില്‍ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 

ചാര്‍ജ് ഷീറ്റില്‍ പേരുള്ളവരുടെ മര്‍ക്കസില്‍ പങ്കെടുത്തെന്നത് വ്യക്തമാക്കുന്ന തെളിവുകളിലെന്ന് വിശദമാക്കിയാണ് ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൌര്‍ ഇവരെ കുറ്റവിമുക്തരാക്കിയത്. നേരത്തെ സമ്മേളനത്തില്‍ പങ്കെടുത്തതിന് 29 വിദേശികളടക്കം, 34 പേര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ബോംബെ ഹൈക്കോടതി ഔറംഗാബാദ് റദ്ദാക്കിയിരുന്നു. കേസില്‍ തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തുവെങ്കിലും ഇവര്‍ വിസച്ചട്ടം ലംഘിച്ചതിനോ, രാജ്യത്ത് കൊവിഡ് പടര്‍ത്തിയതിനോ തെളിവുകള്‍ ഒന്നുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി മുംബൈ പൊലീസ് എടുത്ത എഫ്ഐആര്‍ റദ്ദാക്കിയത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍, പകര്‍ച്ചവ്യാധി തടയന്‍ നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്തായിരുന്നു എഫ്ഐആര്‍. ഇറാന്‍, ഐവറികോസ്റ്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശികള്‍. സര്‍ക്കാര്‍ നല്‍കിയ വിസയില്‍ തന്നെയാണ് രാജ്യത്ത് മത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് ഇവര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു.