Asianet News MalayalamAsianet News Malayalam

'ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം'; തിഹാര്‍ ജയില്‍ അധികൃതരോട് ദില്ലി കോടതി

ആസാദിന് പോളിസൈത്തീമിയ എന്ന രോഗാവസ്ഥയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥയാണത്.രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആസാദിന്‍റെ രക്തം മാറ്റണം എന്നാണ് എയിംസ്  ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

delhi court directs tihar jail authorities  to give urgent medical aid to bhim army leader chandrasekhar azad
Author
Delhi, First Published Jan 8, 2020, 3:16 PM IST

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ദില്ലി തീസ് ഹസാരി കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

വൈദ്യപരിശോധന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹത്തിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ദരിയാഗഞ്ജ് പൊലീസിന് സാധിക്കാഞ്ഞതിനാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. 

ഡിസംബര്‍ 21നാണ് ദരിയാഗഞ്ജ് പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തീസ് ഹസാരി കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആസാദിന്‍റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് തിഹാര്‍ ജയില്‍ അധിക‍ൃതര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആസാദിന്‍റെ അഭിഭാഷകന്‍ മെഹ്മൂദ് പ്രാചയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Read Also: രക്തം മാറ്റിയില്ല; ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി

ആസാദിന് പോളിസൈത്തീമിയ എന്ന രോഗാവസ്ഥയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥയാണത്. നിരന്തരം വൈദ്യപരിശോധന ആവശ്യമാണ്.  രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആസാദിന്‍റെ രക്തം മാറ്റണം എന്നാണ് എയിംസ്  ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എയിംസിലെ ഡോക്ടര്‍മാരാണ് ദീര്‍ഘകാലമായി അദ്ദേഹത്തെ ചികിത്സിക്കുന്നത്. അവരുടെ സേവനം തന്നെ തുടര്‍ന്നും ലഭ്യമാക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. യഥാസമയം ചികിത്സ ലഭ്യമായില്ലെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മെഹ്മൂദ് പ്രാച പറഞ്ഞു. 

തിഹാര്‍ ജയിലില്‍ കഴിയുന്ന ആസാദിന് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജയിലില്‍ അദ്ദേഹം ക്രൂരപീഡനമാണ് നേരിടുന്നതെന്നും ഭീം ആര്‍മി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

Read Also: മീശ പിരിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ രാവണ്‍; ഏഴാംനാളില്‍ പ്രതിഷേധക്കാരുടെ ഹീറോയായ ചന്ദ്രശേഖര്‍ ആസാദ്

 

Follow Us:
Download App:
  • android
  • ios