ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ. 70 സീറ്റുകളില്‍ എഎപി 55 സീറ്റ് വരെ നേടാമെന്നാണ് സര്‍വ്വെ വിലയിരുത്തല്‍. ബിജെപി പ്രചാരണത്തിൻറെ ആദ്യഘട്ടത്തെക്കാൾ നില മെച്ചപ്പെടുത്തിയെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്ത് ബിജെപിക്ക് 10 മുതല്‍ 24 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 0-4 വരെ സീറ്റുകളും സര്‍വ്വെ പ്രവചിക്കുന്നു.

ശനിയാഴ്ചയാണ് ദില്ലിയില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തവണ 70 ൽ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സർക്കാർ തുടർച്ചയായ ഭരണം നേടാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെയാണ് സമാപനമാകുക.. ആംആദ്മി പാർട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വൻവ്യത്യാസം ധ്രുവീകരണത്തിലൂന്നിയുള്ള പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ഒട്ടും ആവേശമില്ലാതെ തുടങ്ങിയ ദില്ലി പ്രചാരണം അവസാനിക്കുന്നത് ധ്രുവീകരണത്തിലൂന്നിയുള്ള പ്രസ്താവനകളിലാണ്. ആം ആദ്മി പാർട്ടി വീണ്ടും തൂത്തുവാരുമെന്ന വിലയിരുത്തൽ പ്രചാരണത്തിന്‍റെ നിറം തുടക്കത്തിൽ കെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ദില്ലി പ്രചാരണത്തിൽ നിന്ന് ശ്രദ്ധ മാറ്റിയിരുന്നു. ബിജെപി ക്യാമ്പിൽ ഒരാവേശവും തുടക്കത്തില്‍ ദൃശ്യമല്ലായിരുന്നു. എന്നാല്‍, ദില്ലിയുടെ തെരുവുകളെ അരവിന്ദ് കെജ്രിവാളിന്‍റെ റോഡ് ഷോകൾ ഇളക്കിമറിച്ചു. സ്കൂളും ആശുപത്രിയും സ്ത്രീകളുടെ ബസ് യാത്രയും ചർച്ചയായപ്പോൾ ബിജെപിക്ക് മറുപടി ഇല്ലായിരുന്നു.