ഫലപ്രഖ്യാപനത്തിന്‍റെ അവസാന നിമിഷത്തിലും പ്രതീക്ഷ കൈവിടാന്‍ ഒരുക്കമല്ല ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ആംആദ്മിയും ബിജെപിയും തമ്മില്‍ അന്തരമുണ്ടെന്ന് അറിയാം. എന്നാലും സമയം ഇനിയും ബാക്കിയുണ്ട്.  ഞങ്ങള് പ്രതീക്ഷയിലാണ് എന്നാണ് മനോജ് തിവാരി പ്രതികരിച്ചത്. അതേസമയം വിധി എന്തുതന്നെയായാലും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദി താനാണെന്നും മനോജ് തിവാരി പ്രതികരിച്ചു. 

അതേസമയം ദില്ലിയിലെ ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്. 'ഫിർ ഏക് ബാർ കെജ്‍രിവാൾ' എന്ന പാട്ടുമായി പ്രവർത്തകർ സന്തോഷ നൃത്തം ചെയ്യുന്നതാണ് ഇവിടുത്തെ കാഴ്ച. 'ആം ആദ്മി പാർട്ടിയിൽ ചേരൂ' എന്ന് എഴുതിയ ഡിജിറ്റൽ ബോർഡുകളും അവിടെ കാണാം. ദേശീയ പതാകകളുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

വിജയപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ ഒരു വേദി ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ സെറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ പതാകയുടെ നിറങ്ങളും നീലയും വെള്ളയും ചേർന്ന ബലൂണുകൾ തൂക്കിയാണ് വേദിയെ അലങ്കരിച്ചിരിക്കുന്നത്. അതേസമയം പരിസ്ഥിതിക്ക് ദോഷമാകുമെന്നും വിജയം പടക്കംപൊട്ടിച്ച് ആഘോഷിക്കരുതെന്നും പ്രവര്‍ത്തകരോട് കെജ്‍രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

2015 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് മൂന്ന് സീറ്റായിരുന്നു. ഇതില്‍ നിന്ന് നില മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്ക് ആയിട്ടുണ്ടെങ്കിലും വിജയ സാധ്യത വിദൂരമാണ്. തന്‍റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി അധികാരത്തിൽ വരുമെന്നാണ് എന്നും, ഫലം വന്ന് കഴിഞ്ഞാൽ പിന്നെ ഇവിഎമ്മുകളെ കുറ്റം പറയരുതെന്നും നേരത്തേ  മനോജ് തിവാരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം വിവാദ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു മനോജ് തിവാരി.