ദില്ലി: ഒരു മാസത്തെ കൊണ്ടുപിടിച്ച പ്രചാരണവുമായി ദില്ലി വിധിയെഴുതിയപ്പോൾ, ഫലം കാത്തിരിക്കുകയാണ് ആം ആദ്മി പാർട്ടിയും ബിജെപിയും. കോൺഗ്രസിനിത്തവണയും വലിയ സ്വപ്നങ്ങളോ പ്രതീക്ഷയോ ഒന്നുമില്ല. 70-ൽ 67 എന്ന സ്വപ്ന സംഖ്യ നേടി അധികാരത്തിലെത്തിയ കെജ്‍രിവാൾ ഹാട്രിക് തികയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എക്സിറ്റ് പോളുകളെല്ലാം കെജ്‍രിവാളിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. 70-ൽ എല്ലാവരും ആം ആദ്മി പാർട്ടിക്ക് 44 മുതൽ 68 സീറ്റ് വരെ കിട്ടുമെന്ന് പ്രവചിച്ചു. ന്തായാലും എല്ലാ എക്സിറ്റ് പോളുകളും ഒറ്റ സ്വരത്തിൽ പറഞ്ഞത് ഇതാണ്. 50 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതം ആം ആദ്മിക്ക് തന്നെ.

പ്രധാനപ്പെട്ട നാല് എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റ നോട്ടത്തിൽ കണ്ടുവരാം:

ഇന്ത്യാ ടുഡേ - ആക്സിസ് എകിസ്റ്റ് പോളുകൾ ആം ആദ്മി പാർട്ടിക്ക് 59 മുതൽ 68 സീറ്റുകൾ വരെ കിട്ടുമെന്ന് പ്രവചിക്കുമ്പോൾ ബിജെപിക്ക് 2 - 11 സീറ്റ് വരെ കിട്ടുമെന്നാണ് പറയുന്നത്. 

എബിപി - സി വോട്ടർ എക്സിറ്റ് പോളാകട്ടെ ഭരണകക്ഷിക്ക് 49 - 63 സീറ്റുകൾ നൽകുന്നു. ബിജെപിക്ക് 5 -19 സീറ്റ് വരെ മാത്രം. 

ടൈംസ് നൗ- ഇപ്‍സോസ് എക്സിറ്റ് പോൾ കെജ്‍രിവാളിന് നൽകുന്നത് 47 സീറ്റുകളാണ്. ബിജെപിക്ക് 23 സീറ്റുകളും.

റിപ്പബ്ലിക് - ജൻ കി ബാത് സർവേ ആം ആദ്മി പാർട്ടിക്ക് 48 - 61 സീറ്റുകൾ നൽകുന്നു. ബിജെപിക്ക് 9 - 21 സീറ്റുകളും.

ടിവി 9 - ഭാരത് വർഷ് - സിസെറോ പ്രവചിക്കുന്നത് ആം ആദ്മി പാർട്ടിക്ക് 52 - 64 സീറ്റുകൾ കിട്ടിയേക്കാമെന്നാണ്. ബിജെപിക്ക് 6 - 16 സീറ്റുകളും.

നേതാ - ന്യൂസ് എക്സ് പറയുന്നത് ആം ആദ്മി പാർട്ടിക്ക് 53 - 57 സീറ്റുകൾ കിട്ടുമെന്നാണ്. ബിജെപിക്ക് 11 - 17 സീറ്റുകൾ കിട്ടുമെന്നും. 

എബിപി 50.4 ശതമാനം വോട്ട് വിഹിതം ആം ആദ്മിക്ക് പോകുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 36 ശതമാനം മാത്രം. ഇന്ത്യാ ടുഡേ ആക്സിസ് പോൾ ആം ആദ്മി പാർട്ടിക്ക് 56 ശതമാനമാണ് വോട്ട് വിഹിതം പ്രവചിക്കുന്നത്. ബിജെപിക്ക് 35 ശതമാനം മാത്രം. 

ഈ കണക്ക് ശരിയായാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിന്ന് ആം ആദ്മിയുടെ വോട്ട് വിഹിതത്തിൽ 30 ശതമാനം കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2019 മെയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. ബിജെപിക്കും കോൺഗ്രസിനും പിന്നിലായിരുന്നു ആം ആദ്മി. 

1998 മുതൽ 2013 വരെ നഗരം ഭരിച്ച കോൺഗ്രസിന് 2015-ൽ കിട്ടിയത് പോലെത്തന്നെ വട്ടപ്പൂജ്യം സീറ്റുകളാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.