ദില്ലി: കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയിലെ കൂണ്‍ കര്‍ഷകന്‍ ബിഹാര്‍ സ്വദേശികളായ തന്റെ പത്ത് തൊഴിലാളികളെ വിമാനടിക്കറ്റെടുത്ത് നാട്ടിലേക്ക് അയച്ചിരുന്നു. ഇപ്പോള്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ഈ പത്തുപേര്‍ക്കായി വിമാനടിക്കറ്റെടുത്തിരിക്കുകയാണ് ഈ കര്‍ഷകന്‍.

ഏകദേശം ഒരു ലക്ഷം രൂപയ്ക്കാണ് പപ്പന്‍ സിംഗ് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഏകദേശം 20 വര്‍ഷത്തോളമായി ഇവരില്‍ ചിലര്‍ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു. 20 ജോലിക്കാരില്‍ 10 പേര്‍ ആദ്യമായാണ് വിമാനത്തില്‍ കയറുന്നത്. ഓഗസ്റ്റ് 27 ന് ഇവര്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ദില്ലിയിലെ ദിഗിപൂര്‍ ഗ്രാമത്തിലെ പുതിയ കൂണ്‍ കൃഷിയില്‍ ഇവര്‍ സിംഗിനെ സഹായിക്കും. 

ദില്ലിയിലേക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സര്‍വ്വീസ് ഇല്ലാത്തതിനാല്‍ സാധിച്ചില്ലെന്ന് സിംഗിന്റെ തൊഴിലാളികളിലൊരാളായ നവീന്‍ പിടിഐയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലിയില്‍ കുടുങ്ങിയതോടെ സിംഗ് വിമാനടിക്കറ്റെടുത്ത് നാട്ടിലെത്തിച്ച 10 പേരില്‍ ഒരാളാണ് നവീന്‍. 

ആദ്യ വിമാനയാത്രയില്‍ പേടി തോന്നിയിരുന്നുവെന്നും വിമാനത്താവളത്തിലെ രീതികള്‍ അറിയില്ലായിരുന്നുവെന്നും നവീന്‍ പറഞ്ഞു. എല്ലാവര്‍ഷവും ഓഗസ്റ്റില്‍ മൂന്ന് ഏക്കറില്‍ മുടങ്ങാതെ കൂണ്‍ കൃഷി ചെയ്യുന്നയാളാണ് സിംഗ്. എന്നാല്‍ ഇത്തവണ ഒരേക്കറില്‍ മാത്രമാണ് കൃഷി. കൊവിഡിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞതാണ് കാരണം. 

തന്റെ തൊഴിലാളികളുമായി വൈകാരികമായ ബന്ധമുണ്ടെന്നും അതിനാലാണ് അവര്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നും സിംഗ് പറഞ്ഞു. തന്റെ കൃഷിയിടത്തിലെത്തിയാല്‍ അവര്‍ക്ക് അവരുടെ ജീവിതത്തിനുള്ള വരുമാനം കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.