ദില്ലി: പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും വിളകളുടെ നഷ്ടപരിഹാരം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് ദില്ലി യമുനതീരത്തെ സോണിയ വിഹാറിലെ കർഷകർ. വീണ്ടും ഒരു മഴക്കാലം അടുത്തതോടെ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ വർഷം പ്രളയംകൊണ്ടുപോയ തങ്ങളുടെ കൃഷിയും കിടപ്പാടവും ഇത്തവണത്തെ മഴയിലും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കർഷകനായ നരേന്ദ്ര നാഥ്.

ചീരയും, വെണ്ടയും, പയറും കൃഷി ചെയ്യുന്ന നരേന്ദ്ര നാഥിന് കഴിഞ്ഞ പ്രളയം സമ്മാനിച്ചത് ദുരിത കൊയ്ത്താണ്. യമുന നദി കരകവിഞ്ഞപ്പോൾ കിടപ്പാടവും, കൃഷിയും നഷ്ടമായ നരേന്ദ്രനാഥ് കുടുംബത്തിനൊപ്പം സർക്കാർ ക്യാമ്പുകളിൽ കഴിഞ്ഞു. നഷ്ടം കണക്കാക്കി പേരഴുതി പോയതല്ലാതെ ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്ന് നരേന്ദ്ര നാഥ് പറഞ്ഞു. നരേന്ദ്ര നാഥിനെ പോലെ യമുന തീരത്തെ നിരവധി കർഷകരുടെ അവസ്ഥയും ഇത് തന്നെയാണ്.  

കഴിഞ്ഞ പ്രളയത്തിൽ സോണിയ വിഹാറിൽ മാത്രം കണക്കാക്കിയത് 25 ലക്ഷം രൂപയുടെ കൃഷി നഷ്ടമാണ്. യമുന നദിയെ ആശ്രയിച്ച് ജീവിതം തള്ളി നീക്കുന്ന കർഷകരുടെ പുനരധിവാസത്തിന് പദ്ധതികൾ പലതും ആംആദ്മി സർ‍ക്കാർ‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഈ ഭൂമി വിട്ടു പോയാൽ വേരെ എന്തു ജോലി ചെയ്യാനാകും എന്ന് അറിയില്ലെന്നും കർഷകർ പറയുന്നു.