ദില്ലി: കര്‍ഷകരുടെ  മാര്‍ച്ചിന് പിന്നാലെ നഗരത്തിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്ക്കാലിക ജയിലുകള്‍ ആക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളി ദില്ലി സര്‍ക്കാര്‍. കര്‍ഷക സമരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്റ്റേഡിയങ്ങള താത്ക്കാലിക ജയിലുകളാക്കാനുള്ള നടപടിയുമായി ദില്ലി പൊലീസ് മുന്നോട്ട് വന്നത്. ദില്ലി അതിര്‍ത്തിയലെ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം വിനാ നടപ്പിലാക്കണമെന്നുമാണ് ദില്ലി പൊലീസിന്‍റെ ആവശ്യത്തോട് ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചത്. കര്‍ഷകരെ ജയിലിലാക്കുന്നതല്ല ഇതിനുള്ള പരിഹാരം. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനയനുസരിച്ച് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ വിശദമാക്കുന്നു. അതിനാല്‍ ഈ അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കില്ലെന്നും സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. 

ഇത് വ്യക്തമാക്കിക്കൊണ്ടുള്ള കത്തും ദില്ലി പൊലീസിന് നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ദില്ലി പൊലീസിന്‍റെ ആവശ്യം നിരാകരിക്കണമെന്ന് ആം ആദ്മി നേതാവ് രാഘവ് ചന്ദ ആവശ്യപ്പെട്ടിരുന്നു. ദില്ലി തിക്രി അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ക്ക് നേരെ വെള്ളിയാഴ്ച രാവിലെ കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. വ്യാഴാഴ്ച 105ഓളം കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ കര്‍ഷക സംഘടനകള്‍ ദില്ലിയിലേക്ക് എത്തുന്നതോടെ കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍.