ദില്ലി: ജൂലൈ 31 കാലാവധി തീരുന്ന ബിയര്‍ സ്റ്റോക്ക് മദ്യക്കടകള്‍ക്ക് വില്‍ക്കാന്‍ നിര്‍ദേശം നല്‍കി ദില്ലി സര്‍ക്കാര്‍. നഗരത്തിലെ ബാറുകളിലും  ഹോട്ടലുകളിലും  ക്ലബ്ബുകളിലും ശേഷിക്കുന്ന ബിയര്‍ സ്റ്റോക്ക് വിറ്റൊഴിവാക്കാനാണ് അനുമതിയുള്ളത്. മാര്‍ച്ച് 25 ന് ശേഷം ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നില്ല. 

രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മൂന്നാമത്തെ തവണയാണ് ഇത്തര സ്ഥാപനങ്ങള്‍ക്ക് ദില്ലി സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം. ആറ് മാസമാണ് ബിയറിന്‍റെ ഷെല്‍ഫ് ലൈഫായി കണക്കാക്കുന്നത്. എക്സൈസ് വകുപ്പാണ് അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. 

എല്ലാ സ്റ്റോക്കുകളിലും വില്‍ക്കുന്ന സ്ഥാപനത്തിന്‍റെ ലൈസന്‍സ് അടക്കമുള്ള വിവരങ്ങള്‍ ബാര്‍കോഡില്‍ രേഖപ്പെടുത്തിയ ശേഷമാകും വില്‍പന. സര്‍ക്കാര്‍ തീരുമാനത്തിനെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബീവറേജ് കമ്പനീസ് സ്വാഗതം ചെയ്തു. മെയ് മാസത്തില്‍ തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ് ഇക്കാര്യമെന്നാണ് സിഐഎബിസിയുടെ പ്രതികരണം. ജൂണ്‍ 11നും ജൂണ്‍ 26നുമാണ് സമാനമായ ഉത്തരവ് ഇതിന് മുന്‍പ് ദില്ലി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുളളത്.