ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന
ചെന്നൈ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ, സർക്കാർ ബസുകളിൽ ഭർത്താക്കന്മാർക്ക് ഭാര്യമാർക്കൊപ്പവും യുവാക്കൾക്ക് അവരുടെ കാമുകിമാർക്കൊപ്പവും സൌജന്യമായി യാത്ര ചെയ്യാമെന്ന് മുൻ തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ശിവകാശിയിലെ പാവാടി തോപ്പിൽ എഐഎഡിഎംകെ വനിതാ വിഭാഗം സംഘടിപ്പിച്ച എംജിആർ ജന്മവാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ബാലാജി. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.
ഡിഎംകെയെ പരാജയപ്പെടുത്തി എഐഎഡിഎംകെ സർക്കാർ രൂപീകരിക്കുമെന്നും മെയ് 5ന് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും രാജേന്ദ്ര ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡിഎംകെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എതിർ കക്ഷികളുടെ അവകാശവാദം തള്ളിക്കളഞ്ഞ അദ്ദേഹം, എടപ്പാടി പളനിസ്വാമിക്ക് മാത്രമേ എംജിആർ ശൈലിയിലുള്ള ഭരണം തിരികെ കൊണ്ടുവരാൻ കഴിയൂ എന്ന് തറപ്പിച്ചു പറഞ്ഞു. എഐഎഡിഎംകെ ഇതിനകം പ്രഖ്യാപിച്ച ആദ്യ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഡിഎംകെയെ വിറപ്പിച്ചു കഴിഞ്ഞതായും ബാലാജി കൂട്ടിച്ചേർത്തു.
ഡിഎംകെ സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പദ്ധതിയെ പരിഹസിച്ച ബാലാജി, ഈ പദ്ധതി കുടുംബങ്ങളെ ഭിന്നിപ്പിച്ചെന്നും ഭർത്താവിനെയും ഭാര്യയെയും വ്യത്യസ്ത ബസുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാക്കിയെന്നും ആരോപിച്ചു- "എഐഎഡിഎംകെ ഭരണത്തിൽ ഭർത്താവിനും ഭാര്യയ്ക്കും ഒരേ ബസിൽ ഒരുമിച്ച് യാത്ര ചെയ്യാം. യുവാക്കൾക്ക് അവരുടെ കാമുകിമാർക്കൊപ്പവും സൗജന്യമായി യാത്ര ചെയ്യാം" - കെ ടി രാജേന്ദ്ര ബാലാജി പറഞ്ഞു.
ഡിഎംകെ സർക്കാരിന് കീഴിൽ കഴിഞ്ഞ 60 മാസമായി ഗുണഭോക്താക്കൾക്കൊന്നും പ്രതിമാസ ധനസഹായം ലഭിച്ചിട്ടില്ലെന്നും രാജേന്ദ്ര ബാലാജി കുറ്റപ്പെടുത്തി. എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 210 നിയമസഭാ സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. നാളെ ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ എഐഎഡിഎംകെ, ബിജെപി നേതാക്കൾ വേദി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.


