ദില്ലി: മദ്യം വാങ്ങാൻ എത്തുന്നവർക്ക് ഇ ടോക്കൺ ഏർപ്പെടുത്തി ദില്ലി സർക്കാർ. ഓൺലൈനിൽ ബുക്ക് ചെയ്ത പാസുമായി എത്തുന്നവർക്ക് മാത്രമേ ഇന്ന് മുതൽ മദ്യം ലഭിക്കൂ എന്ന വിധത്തിലാണ് ക്രമീകരണം. മദ്യ വിൽപ്പന കേന്ദ്രങ്ങൾ തുറന്ന തിങ്കളാഴ്ച്ച മുതൽ വൻ തിരക്കാണ് ദില്ലിയിൽ.ഇ ടോക്കൺ നിർബന്ധിമാക്കിയത് അറിയാത്ത ആളുകൾ എത്തിയതിനാൽ വിൽപ്പന കേന്ദ്രങ്ങളിൽ ഇന്നും വലിയ തിരക്കായിരുന്നു. സാമൂഹിക അകലം ഉറപ്പാക്കാൻ പൊലീസ് പാടുപെടുന്ന അവസ്ഥയാണ്.

തിരക്ക് നിയന്ത്രണാതീതമായതോടെയാണ്  ദില്ലി സർക്കാർ ഇ ടോക്കൺ നിർബന്ധമാക്കിയത്. പ്രത്യേക വെബ്സൈറ്റും
തുടങ്ങി. വെബ്സൈറ്റിൽ കയറി വിൽപ്പന കേന്ദ്രം തെരഞ്ഞെടുത്ത് ബുക്ക് ചെയ്യുന്നവർക്ക് തീയ്യതിയും സമയവും അനുവദിച്ചുള്ള ടോക്കൺ ലഭിക്കും. ടോക്കണുമായി വിൽപ്പന കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് മാത്രമേ മദ്യം
വാങ്ങാനാവൂ. ഇ ടോക്കൺ ഏർപ്പെടുത്തിയത് അറിയാതെ നിരവധി ആളുകൾ എത്തിയതോടെ പലയിടത്തും കിലോമീറ്ററുകൾ വരി നീണ്ടു. 

പുതിയ സംവിധാനത്തെ കുറിച്ച് സമ്മിശ്ര പ്രതികരണം ഉയരുന്നതിനിടെ ഓൺലൈൻ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.  പഞ്ചാബ്, പശ്ചിമ ബംഗാർ,ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം ഹോം ഡെലിവറി തുടങ്ങിയിട്ടുണ്ട്. മദ്യ വിലയിൽ എഴുപത് ശതമാനം കൊവിഡ് സെസ് സർക്കാർ ഏർപ്പെടുത്തിയിരുന്നു.