ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാൾ, ദില്ലി ലഫ്.ഗവർണർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3, 43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10, 667 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 380 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി. അതേസമയം, രോഗമുക്തി നിരക്കിൽ നേരിയ വ‍ർദ്ധനവുള്ളത് ആശ്വാസമായി. 180013 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.