ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സെപ്റ്റംബർ 17 വരെ വിലക്കി ദില്ലി ഹൈക്കോടതി. നാമനിർദേശപത്രിക തള്ളിയതിനെതിരെ രണ്ടു വിദ്യാർത്ഥികൾ നൽകിയ ഹ‍ർജിയിലാണ് കോടതി നടപടി.

ഇന്നലെയാണ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ വോട്ടെടുപ്പ് പൂർത്തിയായത്. നാളെ ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. അൻഷുമാൻ ദുബൈ, അജിത് കുമാർ ദ്വിവേദി എന്നീ വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ 55 നിന്ന് 46 ആയി കുറച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഒരു ഹര്‍ജി. 

ഈ തീരുമാനം ലിങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിദ്യാര്‍ത്ഥി യൂണിയന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നും ഹർജിക്കാ‍ർ  ആരോപിച്ചു. യഥാസമയം പത്രിക സമര്‍പ്പിച്ചിട്ടും സ്വീകരിച്ചില്ലെന്നായിരുന്നു  ഹര്‍ജിയില്‍ ഉന്നയിച്ച മറ്റൊരു വിഷയം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പത്രിക നല്‍കിയതെങ്കിലും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. 

കേസിലെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഫല പ്രഖ്യാപനം. എന്നാൽ വോട്ടെണ്ണൽ നടത്തണമെന്നാണ് ഇടതുവിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 5762 വിദ്യാർത്ഥികൾ വോട്ടു രേഖപ്പെടുത്തിയിരുന്നു.  ഇന്നലെ രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുകയും ഞായറാഴ്ചയോടെ ഫലപ്രഖ്യാപനമുണ്ടാവുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.