ദില്ലി: പാകിസ്ഥാൻ യുവതിയോട് രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യ വിട്ടു പോകണമെന്ന് ദില്ലി ഹൈക്കോടതി. ജസ്റ്റിസ് വിഭു ബക്രുവിന്റെതാണ് ഉത്തരവ്. ഫെബ്രുവരി 22-ാം തീയതിക്കുള്ളിൽ യുവതി ഇന്ത്യയിൽ നിന്നും പോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നോട്ടീസിനെതിരെ യുവതി നല്‍കിയ ഹര്‍ജി കോടതി തള്ളി. 

സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയത്. നിയമ തത്വമനുസരിച്ച് യുവതിക്ക് രാജ്യത്ത് തുടരാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി അനുവദിച്ച കാലയളവിനുള്ളില്‍ രാജ്യം വിടാന്‍ തയ്യാറായില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം 2015 മുതല്‍ 2020 വരെ കാലാവധിയുള്ള വിസയാണ് തന്റെ പക്കൽ ഉള്ളതെന്നായിരുന്നു യുവതി കോടതിയിൽ വാദിച്ചത്. യുവതിക്കെതിരെ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ ആചാര്യ കോടതിയെ ബോധിപ്പിച്ചു. 

ഫെബ്രുവരി ഏഴിനാണ് സര്‍ക്കാര്‍ നടപടിക്കെതിരെ യുവതിയും ഭര്‍ത്താവും കോടതിയെ സമീപിപ്പിച്ചത്. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് 2005ലാണ് 37കാരിയായ പാക് യുവതി ഇന്ത്യയിലെത്തുന്നത്. ഭർത്താവിനും രണ്ട് ആൺമക്കൾക്കുമൊപ്പം ദില്ലിയിലാണ് ഇവരുടെ താമസം. ഫെബ്രുവരി 28 വരെ യുവതിക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.