ദില്ലി: ദില്ലി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിച്ചുവെക്കണമെന്നും ദില്ലി ഹൈക്കോടതി ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലാപത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദില്ലി പൊലീസിന് ഇന്നലെ  ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. അതേസമയം കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും ദില്ലി ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കും. 

കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദ്ര്‍ നല്‍കിയ ഹര്‍ജി, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന് കാട്ടി ലോയേഴ്സ് വോയ്സ് എന്ന സംഘടന നല്‍കിയ ഹര്‍ജി, കലാപത്തില്‍ മരിച്ചവരുടെയും അറസ്റ്റിലായവരുടെയും വിവരങ്ങള്‍ പൊലീസ് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജി, ജു‍ഡീഷ്യല്‍ അന്വേഷണവും, കൂടുതല്‍ നഷ്ടപരിഹാരവും  ആവശ്യപ്പെട്ടുളള ഹര്‍ജി എന്നിവയാണ് കോടതിക്ക് മുന്നില്‍ വന്നത്. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനും, ദില്ലി പൊലീസിനും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി കേസ് 12ലേക്ക് മാറ്റി.