ബലാത്സംഗക്കേസ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി നാല് പ്രതികളേയും വെറുതെ വിടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 3-ന് അഡീഷണൽ സെഷൻസ് ജഡ്ജി ജഗ്മോഹൻ സിംഗ് ആണ് വ്യാജ ബലാത്സംഗക്കുറ്റത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
ദില്ലി: വ്യാജ ബലാത്സംഗ ആരോപണങ്ങൾക്കായി നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ദില്ലി കോടതി. നീതി ഉറപ്പു വരുത്തേണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരാമർശമെന്നും കോടതി പറഞ്ഞു. യുവതിയുടെ വ്യാജ ബലാത്സംഗക്കുറ്റക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശങ്ങൾ. ബലാത്സംഗക്കേസ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി നാല് പ്രതികളേയും വെറുതെ വിടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 3-ന് അഡീഷണൽ സെഷൻസ് ജഡ്ജി ജഗ്മോഹൻ സിംഗ് ആണ് വ്യാജ ബലാത്സംഗക്കുറ്റത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
സതീഷ് എന്നയാൾക്കൊപ്പം മറ്റ് മൂന്ന് പേർ തട്ടിക്കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് തൻ്റെ നഗ്നചിത്രങ്ങളും വീഡിയോകളും ബന്ധുക്കൾക്ക് അയച്ച് അപകീർത്തിപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. തന്റെ കൈവശം വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തി കോടതി കേസെടുത്തു. എന്നാൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ കോടതി പ്രതികളെ നാലു പേരേയും വെറുതെ വിടുകയായിരുന്നു.
നേരത്തെ യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹം കഴിച്ചത് മറച്ചുവെച്ച് വീണ്ടും സതീഷ് എന്ന യുവാവുമായി യുവതി വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതറിഞ്ഞ സതീഷ് യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാനിരിക്കെയാണ് വ്യാജ പരാതി നൽകിയതെന്ന് കോടതി കണ്ടെത്തി. പ്രതികളെ നാലുപേരെയും വെറുതെ വിട്ട വിധി പ്രസ്താവത്തിനിടെയാണ് കോടതിയുടെ വിമർശനം ഉണ്ടായത്.
