ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ആണ് കോടതി പരിഗണിക്കുക. 

സുപ്രീംകോടതി നിർദേശപ്രകാരമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറാണ് ഹർജി നൽകിയത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർ വിദ്വേഷ പ്രസംഗം നടത്തി എന്ന് കാണിച്ച് ലോയേഴ്സ് വോയ്സ് എന്ന സംഘടന നൽകിയ ഹർജിയും പട്ടികയിലുണ്ട്. ഇതിനിടെ സുപ്രീംകോടതിക്കും പാർലമെന്റിനും എതിരെ പരാമർശങ്ങൾ നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.