ദില്ലി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്‍റ് സ്‍റ്റേ ചെയ്‍തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചകഴിഞ്ഞ് 2.30 നാണ് വിധി. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികൾക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറന്‍റ്  സ്‍റ്റേ ചെയ്തത്. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകള്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ.

എന്നാല്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കല്‍പ്പിച്ച കേസില്‍  വെവ്വേറെ ശിക്ഷ നടപ്പാക്കാൻ തടസം ഇല്ല. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണം. ഒരാൾക്ക് രാഷ്ട്രപതി ഇളവ് നല്‍കുന്നത് അയാളുടെ കാര്യങ്ങൾ മാത്രം പരിഗണിച്ചാണ്. മറ്റുള്ളവർക്ക് അത് ബാധകം അല്ല. പ്രതികൾ ഏഴ് വർഷമായി നീതിന്യായ സംവിധാനത്തെ മുൻനിർത്തി രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുകയാണ്. സമൂഹത്തിന്റെയും നിയമസംവിധാനത്തിന്‍റെയും താല്‍പ്പര്യം കണക്കിൽ എടുത്ത് ഉടൻ വധശിക്ഷ നടപ്പാക്കണം എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. 

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.