ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹവാല ഇടപാടില്‍ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.  

25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയാണ് ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചത്. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്‍റെ ജാമ്യാപേക്ഷ വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

2017 ഓഗസ്റ്റില്‍, അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തിരുന്നു. സുഹൃത്തായ വ്യവസായിയുടേതാണ് പണമെന്നായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് ആദ്യം സംഭവത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ശിവകുമാറിന്‍റെ വിവിധ നസതികളില്‍ റെയ്‍ഡ് നടത്തി. അവിടങ്ങളില്‍ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് അറസ്റ്റ് ചെയ്തത്.