Asianet News MalayalamAsianet News Malayalam

'രണ്ടില' ഇപിഎസ്സിനും - ഓപിഎസ്സിനും തന്നെ; ടിടിവി ദിനകരന് തിരിച്ചടി

രണ്ടില ചിഹ്നം ഓപിഎസ്- ഇപിഎസ് വിഭാ​ഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെര‍ഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ശരിവച്ചു കൊണ്ടാണ് ദില്ല ഹൈക്കോടതിയുടെ വിധി.

delhi highcourt rejects ttv dinakarans claims for two leaves symbol
Author
Delhi, First Published Feb 28, 2019, 3:56 PM IST

ദില്ലി: രണ്ടില ചിഹ്നക്കേസിൽ ടിടിവി ദിനകരൻ പക്ഷത്തിന് തിരിച്ചടി. രണ്ടില തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ ദില്ലി ഹൈക്കോടതി ടിടിവി ദിനകരന്‍റെയും വി കെ ശശികലയുടെയും ഹ‍‌‌ർജികൾ തള്ളി. രണ്ടില ചിഹ്നം ഓപിഎസ്- ഇപിഎസ് വിഭാ​ഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെര‍ഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ശരിവച്ചു കൊണ്ടാണ് ദില്ല ഹൈക്കോടതിയുടെ വിധി.

ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ പിളര്‍പ്പാണ് രണ്ടില ചിഹ്നത്തിന്‍റെ അവകാശത്തര്‍ക്കത്തിലെത്തിയത്. പനീര്‍ ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ തര്‍ക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീര്‍ ശെല്‍വം-പളനി സ്വാമി വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ തര്‍ക്കം ശശികല വിഭാഗവും ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലായി.

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടില ചിഹ്നത്തിന് അവകാശവാദവുമായി  ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. അതിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. രണ്ടിലചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതിന് ടിടിവി ദിനകരന്‍ അറസ്റ്റിലാകുകയും ചെയ്തു.

ഒടുവില്‍  ഇരു വിഭാഗത്തിന്റേയും വാദം കേള്‍ക്കുകയും സത്യവാങ്മൂലം പരിശോധിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒപിഎസ്-ഇ-പിഎസ് പക്ഷത്തിന് ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയെന്ന് കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു. ഈ വിധിയാണ് ദില്ലി ഹൈക്കോടതി ശരിവച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios