Asianet News MalayalamAsianet News Malayalam

വിവാദം, വിമർശനം, കേസ്, പിന്നാലെ തിരുത്ത്; ഒറ്റയ്ക്കെത്തിയാലും സ്ത്രീകൾക്ക് വിലക്കില്ലെന്ന് ദില്ലി മസ്ജിദ് ഇമാം

ദില്ലി ലെഫ് ഗവർണർ വിനയ്കുമാർ സാക്സന, പള്ളി കമ്മിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇമാം തന്നെ വിലക്ക് നീക്കാം എന്നറിയിച്ച് രംഗത്തെത്തിയത്

Delhi Imam Shahi agrees to withdraw order restricting entry of women in Jama masjid
Author
First Published Nov 24, 2022, 7:23 PM IST

ദില്ലി: ചരിത്ര പ്രസിദ്ധമായ ദില്ലി ജുമാ മസ്ജിദിൽ ഒറ്റയ്ക്കെത്തുന്ന സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിക്കാമെന്ന് ദില്ലി ജുമാ മസ്ജിദ് ഇമാം. ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ ​ഗേറ്റിൽ പതിച്ച നോട്ടീസ് വലിയ വിവാദമായി മാറിയതിന് പിന്നാലെയാണ് ഇമാം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വിലക്ക് നടപടിക്കെതിരെ വ്യാപക വിമ‍ർശനം ഉയരുകയും പിന്നാലെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനും, ന്യൂനപക്ഷ മന്ത്രാലയത്തിനും വനിതാ കമ്മീഷൻ കത്തയച്ചിരുന്നു. സ്ത്രീകളുടെ പ്രാർത്ഥിക്കാനുള്ള മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ഇതിന് പിന്നാലെ ദില്ലി ലെഫ് ഗവർണർ വിനയ്കുമാർ സാക്സന, പള്ളി കമ്മിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇമാം തന്നെ വിലക്ക് നീക്കാം എന്നറിയിച്ച് രംഗത്തെത്തിയത്.

പള്ളി പരിസരം പാർക്കിന് സമാനമായ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം എന്ന് വിശദീകരിച്ചുകൊണ്ടാണ് ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് ആദ്യം പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഭർത്താവിനോ കുടുംബത്തിനോ ഒപ്പം എത്തുന്ന സ്ത്രീകൾക്ക് വിലക്കില്ലെന്ന് മസ്ജിദ് വക്താവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജമാ മസ്ജിദിന്റെ പ്രവേശന കവാടത്തിൽ നിരോധനം അറിയിച്ചുള്ള നോട്ടീസ് പതിച്ചത്. മൂന്ന് ​ഗേറ്റുകളിലും നോട്ടീസ് പതിച്ചിരുന്നു. എന്നാൽ നോട്ടീസ് അച്ചടിച്ച തീയതി ഇതിൽ വ്യക്തമാക്കിയിരുന്നില്ല.

നമസ്കാരത്തിനായി എത്തുന്നവർക്ക് ശല്യമാണെന്നും മസ്ജിദിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തടയാനാണ് നിരോധനമെന്ന് ജമാ മസ്ജിദിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാൻ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം എത്തുന്നവർക്കും വിവാഹിതരായ ദമ്പതികൾക്കും നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios