Asianet News MalayalamAsianet News Malayalam

ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറെന്ന് ദില്ലി സര്‍ക്കാര്‍; സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

മെട്രോയും ബസ് സര്‍വ്വീസും ഉണ്ടാകില്ല. ദില്ലിയിൽ നാളെ മദ്യഷാപ്പുകള്‍ തുറക്കാനും തീരുമാനമായി. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെയായിരിക്കും മദ്യഷാപ്പുകൾ തുറക്കുക

Delhi is ready to withdraw lockdown says Arvind Kejriwal
Author
Delhi, First Published May 3, 2020, 6:41 PM IST

ദില്ലി: ദില്ലിയില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും. സ്വകാര്യ ഓഫീസുകള്‍ക്ക് 33 % ജീവനക്കാരുമായി തുറക്കാമെന്നാണ് അറിയിപ്പ്. മെട്രോയും ബസ് സര്‍വ്വീസും ഉണ്ടാകില്ല. മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെയായിരിക്കും മദ്യഷാപ്പുകൾ തുറക്കുക. ആറടി അകലം പാലിച്ചും, ഒരു സമയം പരമാവധി അഞ്ചുപേരെ മാത്രം കടകളിൽ അനുവദിച്ചും മാത്രമായിരിക്കും മദ്യകടകൾക്ക് പ്രവര്‍ത്തിക്കാൻ അനുമതി നൽകുക. 

അതേസമയം ദില്ലി കപസേരയിൽ ഒരേ കെട്ടിടത്തിൽ താമസക്കാരായ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച  ആരോഗ്യപ്രവർത്തകരിൽ  മൂന്ന് പേർക്കും രോ​ഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ദില്ലിയിൽ കഴിഞ്ഞ ദിവസം മാത്രം 384 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മൂന്നു പേരാണ് ഇന്നലെ ഇവിടെ മരിച്ചത്. 

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലിയിലെ സിആർപിഎഫ് ആസ്ഥാനം ഇന്ന് അടച്ചു. ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. ദില്ലിയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിടുന്ന രണ്ടാമത്തെ തന്ത്രപ്രധാനമായ കെട്ടിടമാണിത്. 

Follow Us:
Download App:
  • android
  • ios