ജോലിക്ക് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. ആദ്യം സഹപ്രവർത്തകർ സുശീലിനെ ഫോണിൽ വിളിച്ചു. കോള്‍ എടുത്ത സുശീൽ ഞാൻ എല്ലാവരെയും കൊലപ്പെടുത്തി എന്ന് അലറിവിളിച്ച് കരഞ്ഞു.

ദില്ലി: ദില്ലിയിൽ ഭാര്യയെയും മകളെയും കുത്തിക്കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. കുത്തേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷഹ്ദാര ജില്ലയിലെ ജ്യോതി കോളനിയിലാണ് സംഭവം. ദില്ലി മെട്രോയിലെ ജീവനക്കാരനായ സുശീൽ കുമാർ (45) ആണ് ഭാര്യ അനിരുദ്ധയെയും (40) മകൾ അതിഥിയെയും (6) കുത്തിക്കൊന്നത്. കുത്തേറ്റ് പരുക്കേറ്റ മകൻ യുവരാജ് (13) ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ദില്ലി മെട്രോയുടെ ഈസ്റ്റ് വിനോദ് നഗറിലെ ഡിപ്പോയിൽ സൂപ്പർവൈസറായിരുന്നു സുശീൽ. ഇന്ന് സുശീൽ ഓഫീസിൽ എത്തിയിരുന്നില്ല. ജോലിക്ക് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. ആദ്യം സഹപ്രവർത്തകർ സുശീലിനെ ഫോണിൽ വിളിച്ചു. കോള്‍ എടുത്ത സുശീൽ ഞാൻ എല്ലാവരെയും കൊലപ്പെടുത്തി എന്ന് അലറിവിളിച്ച് കരഞ്ഞു. ഇതോടെ സഹപ്രവർത്തകർ വീട്ടിലേക്ക് ഓടിയെത്തി. അപ്പോഴാണ് സുശീലിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെയും മൂന്ന് കുട്ടികളെയും കുത്തേറ്റ നിലയിലും കണ്ടെത്തിയത്.

ഉടനെ തന്നെ സഹപ്രവർത്തകർ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു.'രക്ഷിക്കണം, ഒരു കൊലപാതകം നടന്നു' എന്നാണ് എമർജൻസി നമ്പറിലേക്ക് എത്തിയ സന്ദേശമെന്ന് പൊലീസ് പറയുന്നു. ഉച്ചക്ക് 12 മണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. വിവരമറിഞ്ഞ ഉടനെ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. സുശീലിന്‍റെ വീട്ടിലേക്ക് പൊലീസ് എത്തിയപ്പോഴേക്കും ഭാര്യയും രണ്ട്കുട്ടികളും മരിച്ചിരുന്നു. ജീവനുണ്ടായിരുന്ന ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. സുശീലിന്‍റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 'എങ്ങനെ കയറു കൂട്ടിക്കെട്ടി ജീവനൊടുക്കാം' എന്ന് ഗൂഗിളില്‍ സെർച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്‍റെ പിന്നിലെ കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സുശീലിന്‍റെയും ഭാര്യയുടെയും മൊബൈൽ ഫോണുകള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

Read More : ഹൃദ്രോഗമുള്ള ഒന്നരവയസുകാരൻ, ചികിത്സക്ക് പണമില്ല; മുഖ്യമന്ത്രിയുള്ള വേദിയിലേക്ക് മകനെ വലിച്ചെറിഞ്ഞ് കുടുംബം

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News