ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനമായ നടക്കുന്ന പ്രക്ഷോഭങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റിയ വിദ്യാർഥിനിയെയും ബന്ധപ്പെടുത്തി ട്വിറ്ററിൽ വ്യാജപ്രചാരണം നടത്തി ഡല്‍ഹി എംഎല്‍എ മഞ്ജീന്ദർ സിങ് സിർസ. നിലമ്പൂർ കരുവാരക്കുണ്ട് ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിനി സഫയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജീന്ദറിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ സഫയുടെ പിതാവ് ഒടാല കുഞ്ഞിമുഹമ്മദ് കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകി.അപകീർത്തികരമായ വാർത്ത ട്വിറ്ററിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.

ബിജെപി ടിക്കറ്റിലാണ് 2017ലെ ഉപതിരഞ്ഞെടുപ്പില്‍ അകാലിദള്‍ നേതാവായ മഞ്ജീന്ദർ ജയിച്ചത്. നിയമസഭാ വെബ്സൈറ്റിലടക്കം ബിജെപി എംഎല്‍എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാദമായതോടെ മഞ്ജീന്ദര്‍ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. മലപ്പുറത്തെ ചടങ്ങിനിടെ സഫ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രവും ദില്ലിയില്‍ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ ചിത്രവുമാണ് ട്വീറ്റിലുള്ളത്.

സഫയും പ്രക്ഷോഭത്തിലെ പെൺ‌കുട്ടിയും ഒന്നാണെന്ന തരത്തിലാണ് ട്വീറ്റ്. ‘ഇപ്പോൾ നമുക്കറിയാം ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണെന്ന്’- മഞ്ജീന്ദർ കുറിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേർ ട്വിറ്ററിൽ‌ മഞ്ജീന്ദറിനെതിരെ രംഗത്തുവന്നു. തുടർന്ന് ട്വീറ്റിനെതിരെ കടുത്ത വിമർശനം വന്നതോടെ ഇയാൾ അത് പിൻവലിച്ചു. എന്നാൽ ഇപ്പോൾ ഈ ചിത്രം പലരും ഫേസ്ബുക്കിലും ഇത്തരത്തിൽ പങ്കുവെക്കുന്നുണ്ട്. മഞ്ജീന്ദറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റിൽ കേരള മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും മെൻഷൻ ചെയ്യുന്നവരും ഉണ്ട്.