Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ കൊട്ടിക്കലാശം, അവസാന സര്‍വ്വെയിലും ആംആദ്മിക്ക് ആത്മവിശ്വാസം; കളംപിടിക്കാന്‍ കച്ചമുറുക്കി ബിജെപി

എബിപിയുടെ അഭിപ്രായ സര്‍വ്വെയില്‍ 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം

delhi niyamasabha election kottikalasam today
Author
New Delhi, First Published Feb 6, 2020, 9:27 AM IST

ദില്ലി: ദില്ലി നിയമസഭാ തെരെ‍ഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന് നടക്കും. 70 മണ്ഡലങ്ങളിലെ ജനങ്ങള്‍ മറ്റന്നാൾ വിധിയെഴുതും. ബിജെപിക്ക് അഭിമാന പോരാട്ടമാണ് ദില്ലിയിലേത്. മഹാരാഷ്ട്രയും ജാര്‍ഖണ്ഡും കൈവിട്ട നാണക്കേട് മറക്കാന്‍ ദില്ലി ജയിച്ചേ തീരൂ. അവസാന ദിവസങ്ങളില്‍ ഷഹീന്‍ ബാഗും പൗരത്വ പ്രതിഷേധവും നരേന്ദ്ര മോദി തന്നെ കളത്തിലിറക്കുകയും ചെയ്തു.

റോഡ് ഷോകളിലും റാലികളിലും അമിത് ഷായും തുടക്കം മുതലുണ്ട്. കൈവിട്ട വാക്കുകള്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് നിരവധി തവണ തെരഞ്ഞടുപ്പ് കമ്മീഷന്‍റെ നടപടികളും വാങ്ങിക്കൊടുത്തു. അഞ്ചുകൊല്ലത്തെ കെജ്രിവാള്‍ ഭരണം അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് ബിജെപി വിശ്വസിക്കുന്നു. 

എന്ത് സംഭവിച്ചാലും തുടര്‍ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കെജ്രിവാളും എഎപിയും. അരവിന്ദ് കെജ്രിവാള്‍ ജയിക്കും. മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടികാട്ടുന്നു.

അതിനിടെ അരവിന്ദ് കെജ്രിവാളിനെതിരെ സ്വകാര്യ ചാനലില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ ബിജെപി നേതാവ് പര്‍വേശ് ശര്‍മ്മയ്ക്കെതിരെ തെരെഞ്ഞടുപ്പ് കമ്മീഷന്‍ വീണ്ടും നടപടിയെടുത്തു. 24 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എബിപി സര്‍വ്വേയുടെ അഭിപ്രായ സര്‍വ്വെയിലും 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകളും എഎപിയുടെ ഭരണത്തുടര്‍ച്ചയാണ് ചൂണ്ടികാണിച്ചത്.

Follow Us:
Download App:
  • android
  • ios