പട്‍ന: ബിഹാറിൽ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ   ദില്ലി നോർക്ക  ഇടപെട്ടു . പട്‍ന എഡിഎമ്മുമായി ബന്ധപ്പെട്ടുവെന്ന് നോർക്ക പ്രതിനിധി അറിയിച്ചു . പ്രദേശത്ത് 20 ബോട്ടുകൾ ഉണ്ടെന്ന് ബിഹാർ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് കൂടുതല്‍ മലയാളികള്‍ ഇവിടെ കുടുങ്ങിക്കിടക്കുയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജേന്ദ്ര നഗറിൽ മാത്രം പത്തിലധികം മലയാളി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവർ. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സഹായം ലഭിച്ചിട്ടിന്ന് ഇവര്‍ പറഞ്ഞു.

പത്തിലധികം പേര്‍ രാജേന്ദ്രനഗറില്‍ കുടുങ്ങിക്കിടക്കുന്നതായി പത്തനംതിട്ട വള്ളിത്തോട് സ്വദേശിയായ സണ്ണി പറഞ്ഞു. സണ്ണിയും ഭാര്യയും രണ്ട് മക്കളും ഇവിടെയാണുള്ളത്. അബ്രഹാം എന്ന മറ്റൊരു മലയാളിയും കുടുംബവും ഇതേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വീടിന്‍റെ ഒരു നില പൂർണ്ണമായും മുങ്ങിയെന്ന് ഇവര്‍ പറയുന്നു.  കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഉത്തരേന്ത്യയിൽ തുടരുന്ന മഴക്കെടുതിയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 127 പേരാണ് മരിച്ചത്. ബിഹാറിൽ മാത്രം 29 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാറിൽ മാത്രം 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 5000ത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. ആശുപത്രികളിൽ വെള്ളം കയറിയതിനാൽ ​രോ​ഗികളും ദുരുതത്തിലായിരിക്കുകയാണ്. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും  രോഗികളെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഉത്തർപ്രദേശിൽ പ്രയാഗാരാജ്, ലക്നൗ, അമേഠി എന്നിവിടങ്ങൾ പ്രളയക്കെടുതി രൂക്ഷമാണ്. റോഡ്, റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്. വൈദ്യുതി ബന്ധവും തടസപ്പെട്ടിരിക്കുകയാണ്.