ഏഷ്യയിലെ മലിനീകൃമായ പത്ത് നഗരങ്ങളില്‍ എട്ടും ഇന്ത്യന്‍ നഗരങ്ങളാവുമ്പോള്‍ അതില്‍ ദില്ലിയില്ലെന്ന് കേജ്രിവാള്‍

മലിനീകരണം തടയാനുള്ള സര്‍ക്കാരിന്‍റെ കഠിനപ്രയത്നത്തിന് ഫലം കണ്ടുവെന്ന് വിശദമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഏഷ്യയിലെ എറ്റവും മലിനീകൃതമായ പത്ത് നഗരങ്ങളില്‍ ദില്ലിയുടെ പേരില്ലെന്ന് ദില്ലി മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കി. ഏഷ്യയിലെ മലിനീകൃമായ പത്ത് നഗരങ്ങളില്‍ എട്ടും ഇന്ത്യന്‍ നഗരമാവുമ്പോള്‍ അതില്‍ ദില്ലിയില്ലെന്ന് കേജ്രിവാള്‍ വിശദമാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പട്ടികയില്‍ ആദ്യമെത്തുന്ന നഗരമായിരുന്നു ദില്ലിയെന്നും കേജ്രിവാള്‍ പറയുന്നു. എന്നാല്‍ ഇനിയങ്ങനെ ഉണ്ടാവില്ലെന്നും അതിനായുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നതെന്നും കേജ്രിവാള്‍ പറയുന്നു. ലക്ഷ്യത്തിലേക്ക് ഒറുപാട് ദൂരം ഇനിയും മുന്നോട്ടുണ്ടെന്ന ബോധ്യമുണ്ടെന്നും കേജ്രിവാള്‍ വിശദമാക്കുന്നു. ദില്ലിയിലെ ജനങ്ങള്‍ ഏറെ പരിശ്രമിക്കുന്നുണ്ട്. അതിന് അനുസൃതമായ മാറ്റങ്ങളുമുണ്ട്. എന്നാലും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഇടം നേടുന്നത് വരെ ആ പരിശ്രമം തുടരുമെന്നും കേജ്രിവാള്‍ പറയുന്നു.

Scroll to load tweet…

ദില്ലി സര്‍ക്കാരിന്‍റെയും ദില്ലിയിലെ ജനങ്ങളുടേയും നിരന്തര പരിശ്രമങ്ങളുടേയും ഫലമായി മലിനീകരണം കുറഞ്ഞ് വരികയാണെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ അനുസരിച്ച് ദില്ലിയിലെ വായുവിന്‍റെ നിലവാരം വളരെ കുറഞ്ഞ അവസ്ഥയിലാണ് ഉള്ളത്. ദീപാവലി സമയത്തെ പടക്കം പൊട്ടിക്കലും എല്ലാം കണക്കിലെടുത്താണ് ഈ നിരീക്ഷണം. ഞായറാഴ്ച വൈകുന്നേരം വായുവിന്‍റെ ക്വാളിറ്റി ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയിരുന്നു.