ദില്ലി: സുപ്രീംകോടതി നിർ‍ദ്ദേശപ്രകാരമുള്ള ശമ്പളപരിഷ്‍കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ നഴ്സുമാര്‍ ഇന്ന് ജന്തര്‍മന്തറില്‍ സംഗമിക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ നഴ്സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചേക്കും. 2016 ജനുവരി 29 നാണ് രാജ്യത്തെ നഴ്‍സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സുപ്രീംകോടതി വിധിയുണ്ടായത്. 200 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്‍സുമാരുടെ ശമ്പളം നല്‍കണമെന്നാണ് വിധി. 

കിടക്കകളുടെ എണ്ണം അമ്പതില്‍ കുറവാണെങ്കില്‍ മിനിമം വേതനം 20000 രൂപ ആയിരക്കണമെന്നും വിധിയിലുണ്ട്. എന്നാല്‍ കേരളമൊഴികെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വിധി നടപ്പാക്കിയില്ല. ദില്ലിയിലെ ആശുപത്രി മാനേജുമെന്‍റ് അസോസിയേഷന്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019 ഒക്ടോബര്‍ 22 ന് മുമ്പ് ശമ്പളം നല്‍കിത്തുടങ്ങണം എന്നാണ് ദില്ലി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ സമയപരിധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴും ദില്ലി സര്‍ക്കാര്‍ മിനിമം വേതനം നടപ്പാക്കാനുള്ള ഒരു നടപടിയും തുടങ്ങാത്ത സാഹചര്യത്തിലാണ് ദില്ലിയിലെ നേഴ്സുമാര്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.