പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി  അന്ത്യശാസനം നൽകിയിരുന്നു. 

ദില്ലി: ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോണ്‍ഗ്രസില്‍ ധാരണ. പാർലമെന്‍റ് നയരൂപീകരണ സമിതി യോ​ഗത്തിലാണ് തീരുമാനം. മറ്റന്നാൾ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം നടക്കാനിരിക്കെയാണ് കോൺ​ഗ്രസ് നിലപാട് പ്രഖ്യാപിച്ചത്. ദില്ലി സർക്കാരിന്റെ അധികാര പരിധിയിൽ കൈ കടത്തുന്നതിന് വേണ്ടി കേന്ദ്രം ഒരു ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പ്രത്യേകിച്ച് കോൺ​ഗ്രസ് അടക്കമുള്ളവരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ നീക്കം വിജയിക്കുകയുള്ളൂ. കോൺ​ഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണ ആം ആദ്മി പാർട്ടി തേടിയിരുന്നു. 

എന്നാൽ കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. പാറ്റ്നയിൽ ചേർന്ന ആദ്യ പ്രതിപക്ഷ യോ​ഗത്തിലും ഇക്കാര്യത്തിൽ ഒരു വ്യക്തത വേണം എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. എന്നാൽ അത് നടന്നില്ല. അരവിന്ദ് കെജ്രിവാളും ഖർ​ഗെയും തമ്മിൽ ആ യോ​ഗത്തിൽ വാക്കേറ്റം വരെയുണ്ടായി. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് നിലപാട് എടുക്കും എന്ന് ഖർ​ഗെ യോ​ഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ​ഗാന്ധിയുടെ അധ്യക്ഷതയിൽ ​യോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് ദില്ലി ഓർഡിനൻസുമായി ബന്ധപ്പെട്ടുള്ള നീക്കത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാടിലേക്ക് കോൺ​ഗ്രസ് എത്തിച്ചേർന്നത്. 

മാത്രമല്ല, മറ്റന്നാൾ ബം​ഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം നടക്കാനിരിക്കുകയാണ്. ഈ യോ​ഗത്തിന് മുമ്പ് നിലപാട് പറഞ്ഞില്ലെങ്കിൽ സഖ്യനീക്കം ഉപേക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. മാത്രമല്ല, കോൺ​ഗ്രസിന്റെ ഈ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അതൃപ്തി ഉണ്ടായിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദവും മറ്റന്നാൾ യോ​ഗവും നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. 

ദില്ലി ഓർഡിനൻസ് വിഷയത്തിൽ എഎപിയെ പിന്തുണയ്ക്കാൻ കോൺഗ്രസിൽ ധാരണ| Delhi Ordinance| AAP

മോദി' പരാമർശത്തിലെ അപകീർത്തി കേസ്: രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി