Asianet News MalayalamAsianet News Malayalam

'ദില്ലി പൊലീസ് കമ്മീഷണറെ നിർബന്ധിത അവധിയിൽ പറഞ്ഞയക്കുകയാണ് വേണ്ടതെ'ന്ന് മുൻ ദില്ലി ലഫ്. ഗവർണർ നജീബ് ജംഗ്

ദില്ലിയിലെ പൊലീസ് സേന കർമ്മശേഷിയുള്ളവർ തന്നെയാണ് എന്നും, കലാപം നടന്ന സമയത്ത് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയതാണ് പ്രശ്നമെന്ന് നജീബ് ജംഗ് പറഞ്ഞു 

delhi police commissioner must immediately be sent on leave says ex. Delhi lieutenant Governor Najeeb Jung
Author
Delhi, First Published Feb 27, 2020, 5:41 PM IST

2013 മുതൽ 2016 വരെ ദില്ലിയിലെ ലെഫ്റ്റനന്റ് ഗവർണറും, അതിനു ശേഷം ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ വൈസ് ചാനസലറും ആയിരുന്ന നജീബ് ജംഗ് ഒരു റിട്ടയേർഡ് ഐഎഎസ് ഓഫീസർ കൂടിയാണ്. ദില്ലിയിൽ നടന്ന കലാപങ്ങളുടെ വെളിച്ചത്തിൽ ദില്ലി പോലീസിന്റെ നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് നജീബ് ജംഗ് രംഗത്തെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ജംഗ് പറഞ്ഞത് ദില്ലിയിലെ പൊലീസ് ഇൻസ്പെക്ടർമാരും സിവിൽ പൊലീസ് ഓഫീസർമാരും കർമ്മശേഷിയുള്ളവർ തന്നെയാണ് എന്നും, കലാപം നടന്ന സമയത്ത് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയതാണ് തുടക്കത്തിൽ തന്നെ അക്രമങ്ങൾ തടയാൻ സാധിക്കാതെ പോയതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് രാജ്യവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് ജംഗ് പറഞ്ഞു. ഈ ഗുരുതരാവസ്ഥയിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരേയൊരു വഴി കേന്ദ്രം പ്രതിഷേധക്കാരോട് ചർച്ചകൾ നടത്താൻ തയ്യാറാവുക എന്നത് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെ അല്ലാതെ ബലം പ്രയോഗിച്ച് ഈ സമരം തീർക്കാനാവില്ല എന്നും, കേന്ദ്രം കരുതുന്നതിലും അധികനാൾ ഈ പൗരത്വ പ്രതിഷേധ സമരങ്ങൾ നീണ്ടുപോകും എന്നും അദ്ദേഹം പറഞ്ഞു. 

പട്ടാളത്തെ വിളിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ജംഗ് പറഞ്ഞത്,"ദില്ലിയിൽ ഇപ്പോൾ പട്ടാളത്തെ നിയോഗിക്കേണ്ട അവസ്ഥയില്ല. ഇഷ്ടം പോലെ പാരാമിലിട്ടറി ഫോഴ്‌സ് ദില്ലിയ്ക്കുണ്ട്. അതിനു പുറമെ 75,000 -ലധികം വരുന്ന പൊലീസ് സേനയും. അവരെ ഫലപ്രദമായി നിയോഗിച്ചാൽ തീരാവുന്ന ക്രമസമാധാനപ്രശ്നങ്ങളേ തല്ക്കാലം എന്തായാലും ദില്ലിയിലുള്ളൂ. അവർക്ക് വേണ്ട നിർദേശങ്ങൾ കിട്ടുന്നില്ല എന്ന പ്രശ്നം മാത്രമേ ഇപ്പോൾ ഉള്ളൂ" എന്നാണ്. 

"എന്തുകൊണ്ടാണ് ബിജെപി നേതാവായ കപിൽ മിശ്രയ്‌ക്കെതിരെ ജനങ്ങളെ പ്രകോപിപ്പിച്ചതിന് പൊലീസ് നടപടി ഒന്നും തന്നെ സ്വീകരിക്കാഞ്ഞത്? ഈ പ്രശ്നം അത്രയും തുടങ്ങിയത് അയാളുടെ പ്രകോപനപരമായ പ്രസംഗത്തിന് ശേഷമാണ്. അയാളാണ് ഈ മരണങ്ങൾക്കൊക്കെ ഉത്തരവാദി. അയാളുടെ വസ്തുവകകൾ കണ്ടുകെട്ടി, ലഹളയിൽ മരിച്ച പാവങ്ങളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം" നജീബ് ജംഗ് പറഞ്ഞു. 

delhi police commissioner must immediately be sent on leave says ex. Delhi lieutenant Governor Najeeb Jung

"കേന്ദ്ര ഗവൺമെന്റ് അതിന്റെ ദുരഭിമാന നിലപാടുകൾ വെടിഞ്ഞ് സമരക്കാരോട് ചർച്ച ചെയ്യാൻ തയ്യാറാവണം. ചർച്ചകൾക്ക് നേരത്തെ തയ്യാറായിരുന്നു എങ്കിൽ ഈ കലാപം പോലും ഒഴിവാക്കാമായിരുന്നു" അദ്ദേഹം പറഞ്ഞു. 

ദില്ലിയിലെ ഇപ്പോഴത്തെ ലെഫ്റ്റനന്റ് ഗവർണർക്കും ഈ കലാപങ്ങളുടെ പേരിൽ ഉത്തരവാദിത്തമുണ്ട്. കേന്ദ്രത്തിന്റെ പ്രതിനിധി എന്ന നിലയിൽ പൊലീസിന്റെ ചുമതലയും ക്രമാസമാധാനപാലനത്തിന്റെ ഉത്തരവാദിത്തവും ലെഫ്റ്റനന്റ് ഗവർണർക്ക് ഉണ്ട്. പൊലീസ് ലഹളക്കാരുടെ കൂടെ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെ വീഡിയോ വരെ വന്നു. പൊലീസ് കമ്മീഷണർക്ക് ഇനി റിട്ടയർമെന്റിന് വെറും നാലഞ്ച് ദിവസം മാത്രമേയുള്ളൂ. അതിനിടെ നാലഞ്ച് ഡിസിപിമാരെ ട്രാൻസ്ഫർ ചെയ്ത് സേനയുടെ ഉള്ള ആത്മവിശ്വാസം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കലാപം തുടങ്ങിയ ശേഷവും ഒരുപ്രാവശ്യം പോലും ചെന്ന് ആരെയും കാണണോ  സംസാരിക്കാനോ ശ്രമിക്കാതിരുന്ന ദില്ലി പൊലീസ് കമ്മീഷണറെ അടിയന്തരമായി നിർബന്ധിത അവധിയ്ക്ക് പറഞ്ഞയക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. " അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. 

കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ദില്ലിയിൽ വിദ്വേഷപ്രസംഗങ്ങളുടെ പരമ്പര നടന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് അവർക്ക് മുകളിൽ നിന്നുള്ള സമ്മർദ്ദമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ലഹളക്കിടെ മുസ്ലിങ്ങളെ രക്ഷിച്ച ദളിത് സമൂഹവും, കലാപത്തിനിടെ മുസ്ലിങ്ങൾക്ക് ഭക്ഷണം നൽകിയ സിഖ് സഹോദരങ്ങളുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ യഥാർത്ഥ മുഖങ്ങളെന്നും ജംഗ് പറഞ്ഞു. 

  

Follow Us:
Download App:
  • android
  • ios