ദില്ലി: ട്രാക്ടർ റാലിക്ക് അനുമതി കിട്ടിയെന്ന കർഷകരുടെ അവകാശവാദത്തിന് പിന്നാലെ വിശദീകരണവുമായി ദില്ലി പൊലീസ്. റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കർഷക സംഘടനകളിൽ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാൽ മാത്രമാകും അന്തിമ തീരുമാനമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

ദില്ലി പൊലീസുമായി ധാരണയിൽ എത്തിയെന്നായിരുന്നു കർഷകസംഘടന നേതാക്കൾ അറിയിച്ചിരുന്നത്. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്. 

ട്രാക്ടർ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കർഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ദില്ലി നഗരത്തിലൂടെ റാലി നടത്താൻ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പൊലീസ് നിലപാട്.