ദില്ലി: സുനന്ദ പുഷ്കർ കേസിൽ ദില്ലി പൊലീസിന്‍റെ വാദം പൂർത്തിയായി. ശശി തരൂരിനെതിരെ ഗാർഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പൊലീസ് സമർപ്പിച്ച ചാർജ്ജ് അതേപടി ആവ‌ർത്തിക്കുകയാണ് പ്രോസിക്യൂഷൻ ചെയ്തതെന്ന് ശശി തരൂരിന്‍റെ അഭിഷകന്‍ പറഞ്ഞു. മരണം ആത്മഹത്യയോ, കൊലപാതകമോ അല്ലായെന്ന മനശ്ശാസ്ത്രവിദഗ്‍ധരുടെ അഭിപ്രായം പ്രോസിക്യൂഷൻ വായിച്ചില്ല.

സുനന്ദ പുഷ്കറിനെ ശശി തരൂർ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊഴിയും ഇല്ല. പ്രത്യേക അന്വേഷണ സംഘം നിരത്തിയ തെളിവുകളുടെ നേർവിപിരീതമായ കാര്യങ്ങളാണ് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വാദിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. കേസ് ഒക്ടോബ‍ർ 17ന് ദില്ലി പട്യാല ഹൗസ് കോടതി വീണ്ടും പരിഗണിക്കും.

തരൂരുമായുള്ള വിവാഹ ബന്ധത്തില്‍ സുനന്ദ വളരെ സന്തോഷവതിയായിരുന്നു, എന്നാല്‍ അവസാനനാളുകളില്‍ സുനന്ദ അസ്വസ്ഥത കാണിച്ചിരുന്നതായും സഹോദരന്‍ ആഷിഷ് ദാസ് കോടതിയില്‍ പറഞ്ഞു. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്നാണ് ഓഗസ്റ്റ് 21 ന് പൊലീസ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് സുനന്ദയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 15 ഓളം മുറിവുകളുടെ പാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സി സ്പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ കുഹാറിനെ അറിയിച്ചു.