Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സാ പാളിച്ചയെച്ചൊല്ലി ദില്ലിയില്‍ രാഷ്ട്രീയ പോര്; ആം ആദ്മിയും ബിജെപിയും നേര്‍ക്കുനേര്‍

ദില്ലി സര്‍ക്കാരിന് കീഴിലുള്ള എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ അച്ഛന്‍ മരിച്ചെന്ന മകളുടെ വെളിപ്പെടുത്തെലിനെ ചൊല്ലിയാണ് രാഷ്ട്രീയ തർക്കം മുറുകുന്നത്. 

Delhi Political Blame Game Starts between bjp and aam aadmi over covid Surge
Author
Delhi, First Published Jun 5, 2020, 1:10 PM IST

ദില്ലി: കൊവിഡ് രോഗബാധിതരുടെ എണ്ണം പെരുകുമ്പോള്‍ കൊവിഡ് ചികിത്സാ പാളിച്ചയെച്ചൊല്ലി ദില്ലിയില്‍ ആം ആദ്മി പാർട്ടിയും ബിജെപിയും നേര്‍ക്കുനേര്‍. ദില്ലി സര്‍ക്കാരിന് കീഴിലുള്ള എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ അച്ഛന്‍ മരിച്ചെന്ന മകളുടെ വെളിപ്പെടുത്തെലിനെ ചൊല്ലിയാണ് രാഷ്ട്രീയ തർക്കം മുറുകുന്നത്. ദില്ലിയിലെ സ്ഥിതി ഗുരുതരമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആര്‍എംഎല്‍ ആശുപത്രിയിലെ കൊവിഡ് പരിശോധനാഫലം കൃത്യമല്ലെന്ന് ആംആദ്മി വക്താവും എംഎല്‍എയുമായ രാഘവ് ഛദ്ദ വിമർശിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആരോപണവുമായി  തെക്കന്‍ ദില്ലി സ്വദേശിയായ അമര്‍പ്രീത് കൗര്‍ രംഗത്തെത്തിയത്. കൊവിഡ് രോഗിയായ അച്ഛന്‍ എല്‍എല്‍ജിപി ആശുപത്രിയില്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്നായിരുന്നു എന്നാണ് മകളുടെ ആരോപണം. 

അമർപ്രീതിന്‍റെ അച്ഛന് ശ്വാസം മുട്ടല്‍ കടുത്തതോടെ ഇന്നലെ രാവിലെ എല്‍എന്‍ജിപി ആശുപത്രിയിലെത്തിച്ചു. ചികിത്സ വൈകുന്നു, സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പടെയുള്ളവരെ ടാഗ് ചെയ്ത് എട്ടുമണിയോടെ യുവതി സോഷ്യല്‍ മീഡിയയില്‍ ആദ്യ പോസ്റ്റിട്ടു. അച്ഛന്‍ മരിച്ചെന്നും ആരും സഹായിച്ചില്ലെന്നും ഒരുമണിക്കൂറിന് ശേഷം യുവതിയെഴുതി. കുടുംബാഗങ്ങളുടെ പരിശോധാഫലം വൈകുന്നെന്ന ആരോപണവും അവര്‍ ഉയര്‍ത്തി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചര്‍ച്ചയായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. 

കെജ്‍രിവാള്‍ സര്‍ക്കാര്‍ കോടികള്‍ പരസ്യത്തിന് ചെലവഴിക്കുമ്പോഴാണ് ചികിത്സയ്ക്കായി യുവതിക്ക് അലയേണ്ടിവന്നതെന്നായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിമര്‍ശനം. ചികിത്സ വൈകിയില്ലെന്ന് പിന്നീട് എല്‍എന്‍ജിപി ആശുപത്രി ഡയറക്ടര്‍ വിശദീകരിച്ചു. അതേസമം ദില്ലിയിൽ രോഗബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. രോഗികളുടെ എണ്ണം ഏറെ ഉയർന്നേക്കാമെന്ന് കേന്ദ്രമന്ത്രി ഹർഷവർദ്ധൻ മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുമ്പോഴാണ് ചികിത്സയെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നത്.

Follow Us:
Download App:
  • android
  • ios