മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരവുമായി ബന്ധപ്പെട്ട് ഐസ പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. കമ്മീഷണർക്കെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ദില്ലിയിൽ കേന്ദ്ര സേനാ വിന്യാസം നീട്ടി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഐസ പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ട്‌ നൽകണമെന്നുമുള്ള നോട്ടീസിനെതിരെയാണ് നേഹ ബോറ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

അശുതോഷ് റാങ്കേയയും, സൗരവ് ദാസിനെയും രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഉത്തരവ് പറഞ്ഞത്. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുന്‍പാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആളാണെന്നുമാണ് വാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഒരിടവളയ്ക്കുശേഷം ഗ്യാനേഷ് കുമാറിനെതിരായ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പൗരാവകാശ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ്മ. പൗരാവകാശ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ ആണ് എസ്ഐആറിനെതിരായ സിറ്റിസൻ മാർച്ചിന് ആഹ്വാനം നൽകിയത്. ദില്ലിയിലെ വിവിധ സംഘടകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കിയത് സംഘർഷത്തിനിടയാക്കി. ചെന്നൈ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിലും സിജെപിയുടെയും ഇടതു സംഘനകളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. വരും ദിവസങ്ങളിലെ പ്രതിഷേധം കണക്കിലെടുത്ത് ദില്ലിയിലെ കേന്ദ്ര സേനാ വിന്യാസം ഈമാസം 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

YouTube video player