ദില്ലി: റെയിൽവെ പ്ലാറ്റ്ഫോം ടിക്കറ്റ് ഫ്രീയായി കിട്ടുമെന്ന് പറഞ്ഞാൽ ആരാണ് വേണ്ടാന്ന് പറയുക. എന്നാൽ സൗജന്യമായി ടിക്കറ്റ് ലഭിക്കണമെങ്കിൽ ഈ ചലഞ്ച് ഏറ്റെടുക്കണം. എന്താണെന്നല്ല? സിമ്പിളാണ്, റെയിൽവെ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് മെഷീൻ പറയുന്നത് പോലെ വ്യായാമം ചെയ്താൽ മാത്രം മതി. ഇതിൽ വിജയിച്ചാൽ ഫ്രീയായി പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും.

ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിലാണ് ഈ ഫിറ്റ്നസ് മെഷീൽ സ്ഥാപിച്ചിരിക്കുന്നത്. റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുപത്തി അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീ‍ഡിയോ. 

'ഫിറ്റ്നസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിൽ പരീക്ഷണാർത്ഥം ഒരു മെഷീൻ സ്ഥാപിച്ചിരിക്കുകയാണ്. ഈ മെഷീന് മുമ്പിൽ നിന്ന് വ്യായാമം ചെയ്ത ശേഷം പ്ലാറ്റ് ഫോം ടിക്കറ്റ് ഫ്രീയായി നേടാവുന്നതാണ്' വീഡിയോയ്ക്കൊപ്പം മന്ത്രി കുറിച്ചു.

ഫ്രീയായി ടിക്കറ്റ് കിട്ടുന്നതായതുകൊണ്ട് തന്നെ ചാലഞ്ച് ഏറ്റെടുക്കാൻ ആളുകളുടെ നിരയാണ് എന്നാണ് റിപ്പോർട്ട്. പലരും പദ്ധതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.